അനധികൃത ഫ്ലക്സ് ബോർഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കണം -ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച അനധികൃത ഫ്ലക്സ്, പരസ്യബോർഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കണമെന്ന് ഹൈകോടതി. തരവും വലിപ്പവും നോക്കാതെ ബോർഡുകൾ നീക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകാൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു. ഇതിനായി ഉത്തരവുകളോ നിർദേശങ്ങളോ സർക്കുലറുകളോ പുറപ്പെടുവിക്കണം. ഫ്ലക്‌സ് ബോർഡുകൾ നിരോധിക്കുകയല്ല, സ്ഥാപിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും തുടർന്നും അനധികൃത ബോർഡുകൾ സ്ഥാപിക്കാൻ അനുവദിക്കരുതെന്നും സിംഗിൾ ബെഞ്ചിെൻറ ഇടക്കാല ഉത്തരവിൽ പറയുന്നു. കറ്റാനം സെൻറ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളിക്കുമുന്നിലെ അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ നൽകിയ ഹരജിയിലാണ് ഉത്തരവ്.
പരസ്യബോർഡുകൾ സ്ഥാപിക്കാൻ പ്രത്യേക സ്ഥലങ്ങൾ നിശ്ചയിക്കുകയും തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകുമ്പോൾ എവിടെയാണ് സ്ഥാപിക്കേണ്ടതെന്ന് വ്യക്തമാക്കുകയും വേണം. ആവശ്യം കഴിഞ്ഞ ബോർഡുകൾ നീക്കുമെന്ന് ഉറപ്പുവരുത്തുന്ന വ്യവസ്ഥ വേണം. സ്ഥാപിച്ചവരെത്തന്നെ നീക്കാനുള്ള ഉത്തരവാദിത്തവും ഏൽപിക്കുകയും ഇക്കാര്യം എഴുതിവാങ്ങുകയും വേണം. നിയമലംഘകരെ പിഴയടക്കം ശിക്ഷിക്കണം. റോഡിനും നടപ്പാതക്കുമിടയിൽ പരസ്യബോർഡുകൾ സ്ഥാപിക്കരുത്. റോഡരികിലോ കാൽനട യാത്രക്കാരും വാഹനയാത്രക്കാരും ഉപയോഗിക്കുന്ന പൊതുസ്ഥലങ്ങളിലോ ബോർഡുകൾ പാടില്ല. കാൽനടക്കാരുടെയോ വാഹനങ്ങളുടെയോ കാഴ്ച മറക്കുന്ന രീതിയിലുമാകരുത്. ഇതിന് വിരുദ്ധമായി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്കും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നടപടിയെടുക്കാം. നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് ചീഫ് സെക്രട്ടറി ഉറപ്പാക്കണം.
പ്രളയംമൂലം സംസ്ഥാനത്തുണ്ടായ മാലിന്യങ്ങള്‍ ശേഖരിക്കാനും സംസ്‌കരിക്കാനും മതിയായ സ്ഥലമില്ല. കേന്ദ്രസര്‍ക്കാര്‍ സ്വച്ഛ്ഭാരത് മിഷനും സംസ്ഥാന സര്‍ക്കാര്‍ ക്ലീന്‍ കേരള മിഷനും നടത്തുന്ന ഇക്കാലത്ത് മാലിന്യം കൂടിക്കിടക്കുന്നത് വേദനയുളവാക്കുന്നു. നിയമവിരുദ്ധമായി ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെട്ടാല്‍ എന്തുനടപടി സ്വീകരിക്കാനാകുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിക്കണമെന്നും കോടതി നിർദേശിച്ചു. വിഷയത്തിൽ കോടതിയെ സഹായിക്കാനും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും അഭിഭാഷകനെ അമിക്കസ്ക്യൂറിയായി ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.