അനധികൃത ഫ്ലക്സ് ബോർഡ്: പരസ്യവരുമാനം വേണ്ടെന്നുവെക്കുന്നത് വേദനാജനകം –ഹൈകോടതി
text_fieldsകൊച്ചി: അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ നിയമപരമാക്കുന്നതിലൂടെ ലഭിക്കാവുന്ന വരു മാനം അവഗണിക്കുന്ന അധികൃതരുടെ നടപടി പ്രളയത്തിന് ശേഷമുള്ള പുനർനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജനങ്ങളെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുമെന്ന് ഹൈകോടതി. കോടതി വിധി നടപ്പാക്കുന്നതില്‍ ചില തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന മൃദുസമീപനം അവര്‍ സ്ഥാപിത താല്പര്യങ്ങള്ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയമുണ്ടാക്കുന്നതാണ്. പ്രളയശേഷമുള്ള പുനര്‍നിര്‍മാണത്തിന് മുഖ്യമന്ത്രി എല്ലാ വിഭാഗം ജനങ്ങളുടെയും സഹായം തേടി. എന്നാൽ, പരസ്യവരുമാനം വേണ്ടെന്നുവെക്കുന്ന നടപടി വേദനാജനകവും ക്രിമിനല്‍ കുറ്റവുമാണെന്ന് കോടതി വ്യക്തമാക്കി. ആലപ്പുഴ സെൻറ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്ക ചര്‍ച്ചിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിനെതിരായ ഹരജിയിലാണ് സിംഗിൾബെഞ്ചിെൻറ നിരീക്ഷണം.
കഴിഞ്ഞ മാസം 19ന് കോടതി ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവിറക്കിയിരുന്നു. അനധികൃത ഫ്ലക്സ്, പരസ്യബോർഡുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ, ഇൗ ഉത്തരവിന് ശേഷവും അടിത്തട്ടില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിനെ പുച്ഛിക്കുന്നതിനൊപ്പം അനധികൃത ബോർഡുകൾ വര്‍ധിക്കുകയാണ് ചെയ്തത്. അതീവ ജാഗ്രതയോടെയാണ് വിഷയത്തില്‍ കോടതിയുടെ ഇടപെടലുണ്ടായത്. എന്നാൽ, സ്ഥാപിത താൽപര്യക്കാർ ഇതിനെ ദൗര്ബല്യമായാണോ വ്യാഖ്യാനിക്കുന്നതെന്ന് സംശയമുണ്ട്. ഉത്തരവ് നടപ്പാക്കാന്‍ സാധ്യമായ എല്ലാ ശക്തിയും പ്രയോഗിക്കാന്‍ കോടതിക്കറിയാം. സ്ഥാപിത താല്പര്യങ്ങള്ക്ക് കോടതിയുടെ നിശ്ചയദാർഢ്യത്തെ തടയാന്‍ കഴിയില്ല.
നിയമവിരുദ്ധ ബോര്‍ഡുകള്‍ എടുത്തുമാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കാതെയും മലിനീകരണത്തിന് ഉത്തരവാദികളായവരില്‍നിന്ന് പിഴ ഈടാക്കണമെന്ന തത്ത്വത്തിെൻറ അടിസ്ഥാനത്തില്‍ കുറ്റവാളികളെ ശിക്ഷിക്കാതെയും വിധി നടപ്പാക്കാനാവില്ല. ഗൗരവമേറിയ വിഷയമായിട്ടും ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് റവന്യൂ വരുമാനം നഷ്ടപ്പെടുത്തുന്നത് എന്തു കൊണ്ടാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തദ്ദേശസ്വയം ഭരണ വകുപ്പും വിശദീകരിക്കണമെന്നും കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് തദ്ദേശ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണമെന്നും നിർദേശിച്ച കോടതി കേസ് വീണ്ടും ഒാക്ടോബർ ഒമ്പതിന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.