തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെ -പി. ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ ഫ്ലെക്സ്
text_fieldsപി. ജയരാജനെ പുകഴ്ത്തി കക്കോത്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡ്
കണ്ണൂർ: മധുരയിൽ സി.പി.എം പാർട്ടി കോൺഗ്രസ് സമാപിച്ചതിനു പിന്നാലെ നേതൃത്വത്തോടുള്ള അമർഷം പരസ്യമാക്കി പി. ജയരാജൻ ആരാധകർ. സംസ്ഥാന സെക്രട്ടേറിയറ്റിൽ തഴഞ്ഞപ്പോൾ കേന്ദ്രകമ്മിറ്റിയിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷയും പൊലിഞ്ഞതോടെ ഫ്ലക്സ് ബോർഡുകളുമായാണ് അണികൾ രംഗത്തെത്തിയത്.
പി. ജയരാജനെ പുകഴ്ത്തി സി.പി.എം ശക്തികേന്ദ്രങ്ങളായ ആർ.വി മെട്ട, കക്കോത്ത് എന്നിവിടങ്ങളിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചത്. ജയരാജന്റെ വലിയ ചിത്രത്തോടൊപ്പം ‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും നിറഞ്ഞുനിൽക്കും ഈ സഖാവ് പി.ജെ’ എന്നാണ് ബോർഡിലുള്ളത്.
റെഡ് യങ്സ് എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചതെങ്കിലും പരസ്യമായി ആരും രംഗത്തുവന്നില്ല. കണ്ണൂരിൽ അണികളിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള നേതാവാണ് പി. ജയരാജൻ. 1998 മുതൽ സി.പി.എം സംസ്ഥാന സമിതി അംഗമായ അദ്ദേഹത്തെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താതെ തുടർച്ചയായി തഴഞ്ഞു.
പ്രായപരിധി കൂടി കണക്കിലെടുത്ത് അവസാന അവസരമായി കണ്ട കൊല്ലം സമ്മേളനത്തിലും പരിഗണിക്കപ്പെടാതിരുന്നപ്പോൾ പിന്നാലെ അദ്ദേഹത്തിന്റെ മകന് ജെയിന് പി. രാജ് വാട്സ്ആപ്പിലും ഫേസ്ബുക്കിലും പങ്കുവെച്ച സ്റ്റാറ്റസ് ചര്‍ച്ചയായിരുന്നു. ‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ’ എന്നായിരുന്നു വിവാദ സ്റ്റാറ്റസ്.
സംസ്ഥാന സെക്രട്ടേറിയറ്റിൽ തഴഞ്ഞെങ്കിലും കേന്ദ്രകമ്മിറ്റിയിൽ ഇടംപിടിക്കുമെന്ന അഭ്യൂഹം പരന്നു. അതും നടക്കാതെ പോയതോടെയാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. പി. ജയരാജൻ കണ്ണൂര്‍ ജില്ല സെക്രട്ടറിയായിരിക്കെ പുകഴ്ത്തി പുറത്തിറങ്ങിയ ‘കണ്ണൂരിൻ താരകമല്ലോ, ചെഞ്ചോരപ്പൊന്‍ കതിരല്ലോ’ വാഴ്ത്തുപാട്ടോടെയാണ് അദ്ദേഹം നേതൃത്വത്തിന് അനഭിമതനായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.