ഇടുക്കിയിൽ ചെറുവിമാനം പറന്നിറങ്ങി -വിഡിയോ
text_fieldsകുമളി: ഇടുക്കിയുടെ ആകാശസ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകുനല്‍കി വണ്ടിപ്പെരിയാർ സത്രം എയര്‍സ്ട്രിപ് റണ്‍വേയില്‍ ചെറുവിമാനം പറന്നിറങ്ങി. എന്‍.സി.സിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്. ഡബ്ല്യു -80 വിമാനമാണ് വ്യാഴാഴ്ച ഇറങ്ങിയത്. രണ്ടുതവണ വട്ടമിട്ട് പറന്ന ശേഷമാണ് ചെറുവിമാനം റണ്‍വേ തൊട്ടത്.
സര്‍ക്കാറിന്റെ നൂറുദിന കര്‍മ പദ്ധതിയിൽപെടുത്തിയാണ് എന്‍.സി.സി കാഡറ്റുകളുടെ പരിശീലനത്തിന് പൊതുമരാമത്ത് വകുപ്പ് നേതൃത്വത്തില്‍ മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പിന്റെ നിര്‍മാണം. 650 മീറ്റര്‍ നീളമുള്ള റണ്‍വേ, നാല് ചെറുവിമാനം പാര്‍ക്ക് ചെയ്യാവുന്ന ഹാംഗർ, താമസസൗകര്യം ഉള്‍പ്പെടെ 50 വിദ്യാര്‍ഥികൾക്ക് പരിശീലന സൗകര്യം എന്നിവ ഇതിനകം പൂര്‍ത്തിയായി.
എന്‍.സി.സി കാഡറ്റുകള്‍ക്ക് സൗജന്യ ഫ്ലൈയിങ് പരിശീലനമാണ് എയര്‍സ്ട്രിപ്പിന്‍റെ ലക്ഷ്യമെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ ജില്ലക്ക് എയര്‍സ്ട്രിപ് സഹായകരമാകും. എയര്‍ഫോഴ്‌സ് വിമാനങ്ങളും വലിയ ഹെലികോപ്ടറുകളും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനാകും.
മുമ്പ് ഇവിടെ ചെറുവിമാനം ഇറക്കാന്‍ രണ്ടു തവണ ശ്രമിച്ചിരുന്നു. എന്നാല്‍, സമീപത്തെ മൺതിട്ട കാരണം സാധ്യമായില്ല. ദ്രുതഗതിയിൽ തടസ്സം നീക്കിയാണ് മൂന്നാം തവണ വിജയകരമായി വിമാനം ഇറക്കിയത്. ട്രയല്‍ ലാൻഡിങ്ങിനുശേഷം റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വണ്‍ കേരള എയര്‍ സ്‌ക്വാഡ്രന്‍ തിരുവനന്തപുരം കമാൻഡിങ് ഓഫിസര്‍ എ.ജി. ശ്രീനിവാസനായിരുന്നു പ്രധാന പൈലറ്റ്. ത്രീ കേരള എയര്‍ സ്‌ക്വാഡ്രന്‍ കൊച്ചി ഗ്രൂപ് ക്യാപ്റ്റന്‍ ഉദയ രവിയായിരുന്നു കോപൈലറ്റ്. ഇരുവരെയും വാഴൂര്‍ സോമന്‍ എം.എല്‍.എ ഹാരമണിയിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ്, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ, എന്‍.സി.സി കോട്ടയം വിങ് ഗ്രൂപ് കമാൻഡര്‍ ബ്രിഗേഡിയര്‍ എസ്. ബിജു, 33 കേരള ബറ്റാലിയന്‍ എന്‍.സി.സി നെടുങ്കണ്ടം കമാൻഡിങ് ഓഫിസര്‍ കേണല്‍ എം. ശങ്കര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.