വിമാനം വൈകിയ സംഭവം: ലീഗ് എം.പിമാരുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsമലപ്പുറം: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ദിവസം എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.വി. അബ്ദുല്‍ വഹാബും സഞ്ചരിച്ച വിമാനം വൈകിയ സംഭവത്തെ കുറിച്ച് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അന്വേഷണത്തിന് ഉത്തരവിട്ടു. പി.കെ. കുഞ്ഞാലിക്കുട്ടിയും പി.വി. അബ്ദുല്‍ വഹാബും നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഇരുവരും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയോടൊപ്പം മന്ത്രിയെ നേരില്‍കണ്ടാണ് പരാതി നല്‍കിയത്.
സംഭവത്തില്‍ എയര്‍ ഇന്ത്യയില്‍നിന്ന് മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിമാനത്തിലെ പൈലറ്റ് നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് സമയം വൈകുമെന്നതിനാല്‍ ഡല്‍ഹി യാത്രക്ക് മറ്റു മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും വിമാനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ പൈലറ്റ് സമ്മതിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.
ആഗസ്റ്റ് അഞ്ചിന് എയര്‍ ഇന്ത്യയുടെ എ.ഐ 809 വിമാനത്തിലാണ് എം.പിമാര്‍ മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്. രാവിലെ 10.30നായിരുന്നു വിമാനം.10നുതന്നെ ഇരുവരും വിമാനത്തില്‍ എത്തിയിരുന്നു. എന്നാൽ, സാങ്കേതിക തകരാറുള്ളതിനാല്‍ 11.30ന് പുറപ്പെടും എന്ന അറിയിപ്പാണ് ലഭിച്ചത്. 11.30ന് വീണ്ടും അര മണിക്കൂര്‍ വൈകുമെന്ന് അറിയിപ്പ് നല്‍കിയെങ്കിലും വിമാനം പൊങ്ങിയത് ഉച്ചക്ക് 2.45നായിരുന്നു. 280 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.