എയർ ബബ്ൾ കരാറിൽ കരിപ്പൂരിൽനിന്ന് സൗദി സർവിസുകൾ 11 മുതൽ
text_fieldsകരിപ്പൂർ: സൗദി അറേബ്യയുമായി പുതിയ എയർ ബബ്ൾ കരാർ നിലവിൽ വന്നതോടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ജനുവരി 11 മുതൽ സർവിസുകൾ തുടങ്ങും. നിലവിൽ ചാർട്ടർ സർവിസുകളാണ് സൗദി സെക്ടറിലുള്ളത്. പ്രവാസികളുടെ ഭാഗത്ത് നിന്നുള്ള നിരന്തര ആവശ്യത്തിന് ഒടുവിലാണ് സൗദിയുമായി എയർ ബബ്ൾ കരാറിലെത്തിയത്. ഇതുപ്രകാരം 11 മുതൽ ഫ്ലൈ നാസും ഇൻഡിഗോയുമാണ് സർവിസ് നടത്തുക. ഫ്ലൈ നാസ് റിയാദിലേക്കും ഇൻഡിഗോ ജിദ്ദ, ദമ്മാമിലേക്കുമാണ് സർവിസ്. കോവിഡിന് മുമ്പ് നിർത്തിയ സർവിസാണ് ഫ്ലൈ നാസ് പുനരാരംഭിക്കുന്നത്. ൈഫ്ലനാസ് ജനുവരി ആറിന് ബുക്കിങ് തുടങ്ങും.
റിയാദ് സെക്ടറിൽ ആഴ്ചയിൽ മൂന്ന് സർവിസാണ് നടത്തുക. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ 7.30ന് റിയാദിൽ നിന്നെത്തുന്ന വിമാനം 8.30ന് മടങ്ങും. ജിദ്ദ, ദമ്മാം, മദീന, ജിസാൻ, അബഹ, അൽഹസ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് എല്ലാം ഈ സർവിസിന് കണക്ഷൻ വിമാനം ലഭിക്കുമെന്നും ഫ്ലൈ നാസ് അധികൃതർ അറിയിച്ചു.
ജിദ്ദയിലേക്ക് തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി 9.30നാണ് ഇൻഡിഗോ സർവിസ്. രാവിലെ 10.40ന് തിരിച്ചെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ദമ്മാമിൽ നിന്ന് 7.35ന് എത്തുന്ന വിമാനം 8.35ന് മടങ്ങും. നിലവിൽ ചാർട്ടർ സർവിസുകളാണ് നടത്തുന്നതെന്നും എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവിസുകൾ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. സൗദി യാത്രക്ക് 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് വേണം. മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കരിപ്പൂരിൽ നിന്ന് ഏറ്റവും തിരക്കേറിയ സൗദി സെക്ടറിൽ വലിയ വിമാനമില്ലാത്തത് വിദേശയാത്രികർക്ക് കനത്ത തിരിച്ചടിയാണ്. നേരത്തെ, സൗദി എയർലൈൻസ് സർവിസ് നടത്തിയിരുന്നെങ്കിലും വിമാനാപകട പശ്ചാത്തലത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.