േഫ്ലാട്ടിങ് സംവരണത്തിൽ സർക്കാർ അട്ടിമറി; പിന്നാക്ക വിഭാഗങ്ങൾക്ക് വൻ തിരിച്ചടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് വൻ തിരിച്ചടിയായി എൻജിനീയറിങ്, മെഡിക്കൽ പ്രവേശനങ്ങളിൽ േഫ്ലാട്ടിങ് സംവരണം നിർത്തുന്നു. പകരം സ്ഥാപനതല സംവരണ രീതി നടപ്പാക്കിയാൽ മതിയെന്നും സർക്കാർ നിർദേശം. സർക്കാർ എൻജിനീയറിങ് കോളജുകളിൽ േഫ്ലാട്ടിങ് സംവരണം ഒഴിവാക്കാനും പകരം സ്ഥാപനതല സംവരണം നടപ്പാക്കാനും തീരുമാനിച്ചതായും ഇതിനനുസൃതമായി പ്രോസ്പെക്ടസിൽ ഭേദഗതി വരുത്താനും പ്രവേശന പരീക്ഷ കമീഷണർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കത്ത് നൽകി.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നൽകിയ ശിപാർശ അംഗീകരിച്ചാണ് തീരുമാനം. എൻജിനീയറിങ് കോളജുകളിലെ േഫ്ലാട്ടിങ് സംവരണം ഒഴിവാക്കുന്നതോടെ, ഒരേ സംവരണ രീതി പിന്തുടരുന്ന സർക്കാർ മെഡിക്കൽ കോളജുകളിലും ഇത് അവസാനിപ്പിക്കേണ്ടിവരും. ഇതുവഴി ഈഴവ, മുസ്ലിം, ലത്തീൻ കത്തോലിക്ക, പിന്നാക്ക ഹിന്ദു, വിശ്വകർമ തുടങ്ങിയ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന (എസ്.ഇ.ബി.സി) സമുദായങ്ങൾക്കും സാമ്പത്തിക പിന്നാക്ക (ഇ.ഡബ്ല്യു.എസ്) വിഭാഗങ്ങൾക്കും വൻ തോതിലുള്ള സീറ്റ് നഷ്ടമായിരിക്കും സംഭവിക്കുക. 2024-25 അധ്യയന വർഷത്തെ സർക്കാർ മെഡിക്കൽ, എൻജിനീയറിങ് കോളജുകളിലെ പ്രവേശനത്തിൽ ഇത് നടപ്പാക്കാനാണ് തീരുമാനം. ഇതോടെ, സംവരണ വിഭാഗങ്ങൾക്ക് സ്റ്റേറ്റ് മെറിറ്റിൽ കിട്ടുന്ന സീറ്റുകൾ നഷ്ടപ്പെടുകയും ഇവർ സംവരണ സീറ്റുകളിൽ മാത്രമായി ഒതുങ്ങുകയും ചെയ്യും. സംവരണ സമുദായങ്ങൾ സംവരണ സീറ്റിൽ മാത്രമായി ഒതുങ്ങുന്നത് തടയാൻ നിയമസഭ സമിതിയുടെ കൂടി ഇടപെടലിനെ തുടർന്ന് പ്രഫഷനൽ കോഴ്സ് പ്രവേശനത്തിൽ ആവിഷ്കരിച്ച സംവരണ രീതിയുടെ കടയ്ക്കലാണ് സർക്കാർ കത്തിവെക്കുന്നത്.
േഫ്ലാട്ടിങ് സംവരണം തുടങ്ങിയത് സീറ്റ് നഷ്ടം ഒഴിവാക്കാൻ
സ്റ്റേറ്റ് മെറിറ്റിലും സംവരണത്തിലും സീറ്റിന് അർഹതയുള്ള വിദ്യാർഥിക്ക് മെറിറ്റ് സീറ്റ് നഷ്ടപ്പെടുത്താതെ, സംവരണ സീറ്റ് ലഭിക്കുന്ന മെച്ചപ്പെട്ട കോളജിലേക്ക് മാറാനും അതുവഴി സംവരണ സീറ്റ് നഷ്ടം ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് േഫ്ലാട്ടിങ് സംവരണം നടപ്പാക്കിയത്. മെച്ചപ്പെട്ട സർക്കാർ കോളജിൽ സംവരണത്തിലും മറ്റൊരു സർക്കാർ കോളജിൽ സ്റ്റേറ്റ് മെറിറ്റിലും സീറ്റ് ഉറപ്പാകുമ്പോൾ വിദ്യാർഥി സ്റ്റേറ്റ് മെറിറ്റ് സീറ്റ് ഉപേക്ഷിച്ച് സംവരണ സീറ്റിലേക്ക് മാറുന്നത് ഒഴിവാക്കാനും അതുവഴി ബന്ധപ്പെട്ട സമുദായത്തിനുള്ള സംവരണ സീറ്റ് നഷ്ടം ഒഴിവാക്കാനുമായാണ് 20 വർഷം മുമ്പ് േഫ്ലാട്ടിങ് സംവരണ രീതി നടപ്പാക്കിയത്. ഇതാണ് സർക്കാർതലത്തിൽ അട്ടിമറിക്കുന്നത്. 2023ൽ സർക്കാർ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് പ്രവേശനത്തിൽ േഫ്ലാട്ടിങ് സംവരണ ആനുകൂല്യത്തിൽ 174 വിദ്യാർഥികളും സർക്കാർ എൻജിനീയറിങ് കോളജുകളിൽ 573 വിദ്യാർഥികളുമാണ് പ്രവേശനം നേടിയത്. ഇത് നിർത്തലാക്കുന്നതോടെ, ഇത്രയും സീറ്റുകളാണ് ഓരോ വർഷവും എസ്.ഇ.ബി.സി സമുദായത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് നഷ്ടമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.