േഫ്ലാട്ടിങ് സംവരണം നിർത്തലാക്കൽ; പിന്നാക്ക വിദ്യാർഥികൾ പകുതിയാകും
text_fieldsതിരുവനന്തപുരം: േഫ്ലാട്ടിങ് സംവരണം നിർത്തലാക്കാനുള്ള തീരുമാനം നടപ്പാകുന്നതോടെ, സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ, എൻജിനീയറിങ് കോളജുകളിൽ പ്രവേശനം നേടുന്ന പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം 50 ശതമാനംവരെ കുറയും. തീരുമാനം കൂടുതൽ ബാധിക്കുന്നത് ഈഴവ, മുസ്ലിം, ലത്തീൻ കത്തോലിക്ക, പിന്നാക്ക ക്രിസ്ത്യൻ, വിശ്വകർമ തുടങ്ങിയ വിഭാഗങ്ങളെയായിരിക്കും. ഫലത്തിൽ നീറ്റ് പരീക്ഷയിലും എൻജിനീയറിങ് പ്രവേശന പരീക്ഷയിലും മെച്ചപ്പെട്ട റാങ്ക് ലഭിച്ചാലും ഈ സമുദായങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാതെ വരും. േഫ്ലാട്ടിങ് സംവരണം നിർത്തലാക്കുന്നത് ഈ സമുദായങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞവർഷം സർക്കാർ മെഡിക്കൽ കോളജുകളിൽ േഫ്ലാട്ടിങ് സംവരണത്തിലൂടെ സ്റ്റേറ്റ് മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയത് 174 വിദ്യാർഥികളാണ്.
ഇത് നിർത്തുന്നതോടെ, ഇത്രയും വിദ്യാർഥികൾ മെറിറ്റ് സീറ്റ് ഉപേക്ഷിക്കുകയും പകരം സംവരണത്തിലുള്ള സീറ്റിൽ പ്രവേശനമുറപ്പാക്കുകയും ചെയ്യും. ഇതുവഴി സംവരണ സീറ്റിൽ വരേണ്ടിയിരുന്ന ബന്ധപ്പെട്ട സമുദായങ്ങളിൽനിന്നുള്ള അത്രയും വിദ്യാർഥികൾ പുറത്താകും. ഈ സമുദായങ്ങളിൽനിന്നുള്ള വിദ്യാർഥികൾ സംവരണ സീറ്റിൽ മാത്രമായി ഒതുങ്ങും. സംവരണ സമുദായത്തിൽ നിന്നുള്ള വിദ്യാർഥികൾ മെച്ചപ്പെട്ട കോളജുകളിലെ സംവരണ സീറ്റുകളിൽ പ്രവേശനം നേടുമ്പോൾ ഉപേക്ഷിക്കുന്ന സ്റ്റേറ്റ് സീറ്റുകൾ ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാർഥികൾക്ക് ലഭിക്കില്ല. ഈ സീറ്റുകൾ സ്റ്റേറ്റ് മെറിറ്റിലായിരിക്കും തുടർന്ന് അലോട്ട് ചെയ്യുക. കഴിഞ്ഞ വർഷം ഈഴവ വിഭാഗത്തിൽനിന്നുള്ള 55 വിദ്യാർഥികളാണ് േഫ്ലാട്ടിങ് സംവരണത്തിലൂടെ സ്റ്റേറ്റ് മെറിറ്റ്, സംവരണ സീറ്റുകൾ കോളജ് അടിസ്ഥാനത്തിൽ മാറ്റി പ്രവേശനം നേടിയത്. ഇത് നിർത്തലാക്കുമ്പോൾ ഈഴവ വിഭാഗത്തിൽ നിന്നുള്ള 55 വിദ്യാർഥികൾ പുറത്താകും.
മുസ്ലിം വിഭാഗത്തിൽനിന്ന് 53 വിദ്യാർഥികൾക്കും ഇതേ രീതിയിലാണ് പ്രവേശനം. പിന്നാക്ക ഹിന്ദു വിഭാഗത്തിൽനിന്ന് 19ഉം ഇ.ഡബ്ല്യു.എസ്, ലാറ്റിൻ ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്ന് 16 വീതവും കുട്ടികളാണ് േഫ്ലാട്ടിങ് സംവരണത്തിൽ കഴിഞ്ഞ വർഷം മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയത്. ഇത്രതന്നെ വിദ്യാർഥികളുടെ മെഡിക്കൽ പ്രവേശനാവസരം തടയപ്പെടും. സമാന സ്ഥിതിയാകും എൻജിനീയറിങ് പ്രവേശനത്തിലും സംഭവിക്കുക. സാമൂഹിക പ്രത്യാഘാതം പരിശോധിക്കാതെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച തീരുമാനത്തിലേക്ക് പോയത്. ഇടുക്കി, വയനാട് എൻജിനീയറിങ് കോളജുകളിൽ സംവരണ വിദ്യാർഥികൾ നിറയുന്നെന്നും അധ്യയന നിലവാരം മോശമാകുന്നെന്നുമുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് പരിഗണിച്ച സർക്കാർ ഇതുവഴി പിന്നാക്ക സമുദായങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിയിലുണ്ടാകുന്ന തിരിച്ചടി പരിഗണിച്ചില്ല.
കത്ത് പോരാ, ഉത്തരവ് വേണം -പരീക്ഷ കമീഷണറേറ്റ്
തിരുവനന്തപുരം: എൻജിനീയറിങ്, മെഡിക്കൽ പ്രവേശനത്തിൽ േഫ്ലാട്ടിങ് സംവരണരീതി നിർത്താൻ പ്രത്യേക സർക്കാർ ഉത്തരവ് വേണമെന്ന് പ്രവേശന പരീക്ഷ കമീഷണറേറ്റ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ കത്തിന് പ്രതികരണമായി ഇക്കാര്യം സർക്കാറിനെ അറിയിക്കും. സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് േഫ്ലാട്ടിങ് സംവരണം നടപ്പാക്കിയത്. ഇതിനനുസൃതമായി പ്രവേശന പരീക്ഷ പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തി. ഈ രീതിയിൽ നടപ്പാക്കിയ സമ്പ്രദായം നിർത്താൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത് മതിയാകില്ലെന്നും ഭേദഗതിക്ക് സർക്കാർ ഉത്തരവ് വേണമെന്നുമാണ് പ്രവേശന പരീക്ഷ കമീഷണറേറ്റ് നിലപാട്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരണത്തിന് പ്രവേശന പരീക്ഷ കമീഷണർ കെ. സുധീർ തയാറായില്ല. േഫ്ലാട്ടിങ് സംവരണം പിൻവലിക്കാനുള്ള തീരുമാനം തടയണമെന്നാവശ്യപ്പെട്ട് ടി.വി. ഇബ്രാഹിം എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവിനും കത്ത് നൽകി. സർക്കാർ തീരുമാനം ഈഴവ, മുസ്ലിം, ലത്തീൻ കത്തോലിക്ക, പിന്നാക്ക ഹിന്ദു, വിശ്വകർമ തുടങ്ങിയ സാമൂഹികവും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് വൻതോതിൽ സീറ്റ് നഷ്ടത്തിന് കാരണമാകുമെന്നും കത്തിൽ പറയുന്നു.
തീരുമാനം കടുത്ത അനീതിയാണെന്നും അടിയന്തരമായി പിൻവലിക്കണമെന്നും മെക്ക സംസ്ഥാന പ്രസിഡന്റ് ഡോ.പി. നസീർ ആവശ്യപ്പെട്ടു. സംവരണവുമായി ബന്ധപ്പെട്ട ഏത് നടപടിയും തുരങ്കംവെക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥ മേധാവികൾക്കെന്നും അതിന്റെ ഒടുവിലത്തെ തെളിവാണ് േഫ്ലാട്ടിങ് സംവരണം നിർത്താനുള്ള തീരുമാനമെന്നും പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടറും ഓൾ ഇന്ത്യ ബാക്ക്വാർഡ് ക്ലാസസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ ഡോ.വി.ആർ. ജോഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.