‘ഫ്ലോട്ടിങ് സംവരണം: ഭരണഘടനയിലെ സംവരണ മാർഗനിർദേശങ്ങളുടെ ലംഘനം’
text_fieldsതിരുവനന്തപുരം: സംവരണ വിഭാഗത്തിലെ വിദ്യാർഥികൾക്ക് സീറ്റ് നഷ്ടം ഒഴിവാക്കാൻ ആവിഷ്കരിച്ച ഫ്ലോട്ടിങ് സംവരണം ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണ മാർഗനിർദേശങ്ങളുടെ ലംഘനമാണെന്ന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് പുറത്ത്. ഈയിടെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തുനിന്ന് വിരമിച്ച ഡോ.എം.എസ്. രാജശ്രീയാണ് ഫ്ലോട്ടിങ് സംവരണ രീതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും പ്രവേശന പരീക്ഷാ കമീഷണർക്കുമാണ് കത്ത് നൽകിയത്. എൻജിനീയറിങ് പ്രവേശനത്തിൽ ഫ്ലോട്ടിങ് സംവരണം നിർത്തലാക്കാൻ നിർദേശിച്ച് പ്രിൻസിപ്പൽ സെക്രട്ടറി പ്രവേശന പരീക്ഷാ കമീഷണർക്ക് നിർദേശം നൽകിയത് ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. പിന്നാക്ക വിഭാഗങ്ങൾക്ക് മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെ പ്രഫഷനൽ കോഴ്സുകളിൽ നൂറുകണക്കിന് സീറ്റ് നഷ്ടം വരുത്തിവെക്കുന്ന ഫ്ലോട്ടിങ് സംവരണം റദ്ദാക്കൽ നീക്കം ‘മാധ്യമം’ വാർത്തയിലൂടെയാണ് പുറത്തുവന്നതും നടപ്പാക്കുന്നത് തൽക്കാലത്തേക്ക് സർക്കാർ മാറ്റിവെക്കുകയും ചെയ്തത്.
മെറിറ്റിലും സംവരണത്തിലും സീറ്റ് അർഹതയുള്ള വിദ്യാർഥികൾ മെറിറ്റ് സീറ്റ് ഉപേക്ഷിച്ച് സംവരണ സീറ്റ് തെരഞ്ഞെടുക്കുന്നതുവഴി ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാർഥികൾക്കുണ്ടാകുന്ന സീറ്റ് നഷ്ടം തടയാൻ വേണ്ടി നിയമസഭാ സമിതിയുടെ നിർദേശ പ്രകാരം ആവിഷ്കരിച്ച സംവരണ രീതിക്കാണ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഭരണഘടനയുടെ സംവരണ നിർദേശങ്ങളുടെ ലംഘനമെന്ന് വിചിത്ര വിശേഷണം നൽകിയത്. ഇതുസംബന്ധിച്ച് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത് പുറത്തുവന്നിരുന്നെങ്കിലും ആധാരമായ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് പി. ഉബൈദുല്ല എം.എൽ.എ നിയമസഭയിൽ നൽകിയ ചോദ്യത്തിന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നൽകിയ മറുപടിയിലൂടെയാണ് പുറത്തുന്നത്.
ഫ്ലോട്ടിങ് സംവരണം കാരണം ഇടുക്കി, വയനാട് ഗവ. എൻജിനീയറിങ് കോളജുകളിൽ പ്രവേശനം നേടുന്നത് താഴ്ന്ന റാങ്കുകളിലുള്ള കുട്ടികളാണെന്നും ഇതു രണ്ട് കോളജുകളുടെയും അക്കാദമിക നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നെന്നും ഡയറക്ടറുടെ കത്തിലുണ്ട്.
താഴ്ന്ന റാങ്കിലുള്ള ഈ കോളജുകൾ സന്ദർശിക്കാൻ കാമ്പസ് റിക്രൂട്ട്മെന്റ് ടീമുകൾ മടിക്കുന്നു. മോശം പ്രകടനം കാരണം കോളജുകൾക്ക് അക്രഡിറ്റേഷൻ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. ഫ്ലോട്ടിങ് സംവരണ നയത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബഹുസ്വരത വൈകാതെ നഷ്ടപ്പെടുമെന്നും ഡയറക്ടറുടെ കത്തിൽ പറയുന്നു. ഇതു പരിഹരിക്കാൻ സ്ഥാപനതല സംവരണം നടപ്പാക്കാനും അതുവഴി താഴ്ന്നനിലവാരത്തിലുള്ള വിദ്യാർഥികൾ പ്രവേശനം നേടുന്നത് ഒഴിവാക്കാനാകുമെന്നും ഡയറക്ടറുടെ കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.