അസന്തുലിത കാലവർഷം; ഭീഷണിയായി പ്രളയവും വരൾച്ചയും
text_fieldsപാലക്കാട്: ഈ വർഷത്തെ ഇതുവരെയുള്ള മൺസൂൺ അസ്ഥിരമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പിെൻറ നിരീക്ഷണം. ചില സംസ്ഥാനങ്ങളിൽ അതിവർഷമുണ്ടായപ്പോൾ ചിലയിടത്ത് മഴക്കുറവ് കാരണം വരൾച്ചാഭീഷണിയിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദേശീയ ദുരന്ത മാനേജ്മെൻറ് അതോറിറ്റി കണക്കുപ്രകാരം മൂന്ന് മാസത്തിനിടെയുണ്ടായ പ്രളയങ്ങളിൽ ഒമ്പത് സംസ്ഥാനങ്ങളിലായി 1310 പേർ മരിച്ചു. 75 ലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചു. കേരളത്തിൽ മാത്രം ഇതുവരെ 443 പേർ മരിച്ചെന്നാണ് ഔദ്യോഗിക വിവരം. യു.പി, ബംഗാൾ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളാണ് നാശനഷ്ടം നേരിട്ട മറ്റു സംസ്ഥാനങ്ങൾ.
രാജ്യത്തെ 20 ശതമാനം ജില്ലകൾ പ്രളയഭീഷണിയിലാണ്. അതേസമയം, മഴകുറഞ്ഞ സംസ്ഥാനങ്ങൾ കടുത്ത വരൾച്ചയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആഗസ്റ്റ് 22 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് മൊത്തം ഏഴുശതമാനമാണ് മഴക്കുറവ്. എന്നാൽ, 40 ശതമാനം ജില്ലകൾ മഴക്കുറവ് കാരണം വരൾച്ചാഭീഷണി നേരിടുന്നു. അസം, ബിഹാർ, ബംഗാൾ, യു.പി, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളും വരൾച്ചാഭീഷണിയിലാണ്.
മഴയുടെ തുല്യതയില്ലാത്ത വിതരണത്തിന് പ്രധാന കാരണം കാലാവസ്ഥ വ്യതിയാനമാണെന്നാണ് വിദഗ്ധർ പറയുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 150 തവണ 12.5 സെ.മീറ്റർ മഴ പെയ്തത് അസാധാരണ സംഭവമാണ്. മൺസൂൺ രാജ്യത്തെ എല്ലാ ഭാഗങ്ങളിലേക്കും കടക്കുന്നത് തടഞ്ഞത് മാഡൻ ജൂലിയൻ ഓസിലേഷൻ (എം.ജെ.ഒ) പ്രതിഭാസമാണെന്നും വിലയിരുത്തലുണ്ട്. ക്രമം തെറ്റിയ ന്യൂനമർദങ്ങൾ കേരളമടക്കമുള്ള പശ്ചിമഘട്ട മേഖലകളിൽ കനത്ത മഴക്ക് കാരണമായപ്പോൾ മധ്യ, ഉത്തരേന്ത്യയിൽ അസന്തുലിതമാകുകയും ചെയ്തു.
ആഗസ്റ്റ് 28ന് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ 36.23 ശതമാനമാണ് മഴക്കൂടുതൽ. കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും അധികമഴ ലഭിച്ചു. അതേസമയം, ലക്ഷദ്വീപിൽ 43.45 ശതമാനം മഴക്കുറവും രേഖപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.