ലൈഫ് മിഷൻ തുകയിൽനിന്ന് പ്രളയ നഷ്ടപരിഹാരം കുറക്കാൻ സർക്കാർ ഉത്തരവ്
text_fieldsകൊച്ചി: ലൈഫ് മിഷനിൽ വീട് പണിയാൻ തുക അനുവദിച്ചവർക്ക് മുമ്പ് പ്രളയ നഷ്ടപരിഹാരം ലഭിച്ചെന്നതിെൻറ പേരിൽ പൂർണ വിഹിതം കൊടുക്കില്ലെന്ന് സർക്കാർ ഉത്തരവ്. 2018, 2019 വർഷങ്ങളിൽ പ്രളയത്തിൽ കാര്യമായ കേടുപാട് സംഭവിച്ച് വീട് വാസയോഗ്യമല്ലാതായവരോടാണ് ഈ ചതി.
പ്രളയത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചവർക്ക് 10,000 മുതൽ നൽകിയിരുന്നു. ഈ തുക കൊണ്ട് അറ്റകുറ്റപ്പണി നടത്തിയിട്ടും വീട് വാസയോഗ്യമാക്കി മാറ്റാൻ കഴിയാത്ത നൂറുകണക്കിന് പേരുണ്ട്. ഇവർ ലൈഫ് മിഷൻ വഴി വീട് നിർമാണത്തിന് അപേക്ഷ നൽകി നാലു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിെൻറ എഗ്രിമെൻറ് എഴുതാൻ വെച്ച നിബന്ധനകൾ വായിക്കുേമ്പാഴാണ് പ്രളയ നഷ്ടപരിഹാരമായി അനുവദിച്ച തുക കുറച്ചശേഷമാണ് ലൈഫ് മിഷൻ തുക ലഭിക്കൂവെന്ന് അറിയുന്നത്.
എറണാകുളം ജില്ലയിൽ 2018ലെ മഹാപ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ട കരുമാല്ലൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മാത്രം 29 വീടാണ് ലൈഫ് മിഷനിൽ ഉൾപ്പെടുത്തിയത്. ഇവർക്കെല്ലാം പ്രളയ നഷ്ടപരിഹാരം ലഭിച്ചിരുന്നു. കമ്പിയും സിമൻറും എംസാൻഡുമൊക്കെ 10 ശതമാനത്തോളം വിലകൂടി നിൽക്കുന്ന അവസ്ഥയിൽ ഒരുമുറി പോലും നിർമിക്കാനാവാത്ത തുകയാണ് ലൈഫ് മിഷൻ വഴി ഓരോരുത്തർക്കും ലഭിക്കുന്നത്. ബസ് കാത്തിരിപ്പുകേന്ദ്രം പണിയാൻപോലും അഞ്ചുലക്ഷം രൂപ അനുവദിക്കുേമ്പാഴാണ് ഇത്.
കഴിഞ്ഞ ഫെബ്രുവരി 10ന് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓഡിനേഷൻ കമ്മിറ്റിയുടെ യോഗത്തിലാണ് പ്രളയ നഷ്ടപരിഹാരം ലൈഫ് ആനുകൂല്യത്തിൽനിന്ന് കുറക്കാൻ തീരുമാനം എടുത്തത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സംസ്ഥാന ദുരന്തനിവാരണ ഫണ്ട് എന്നിവയിൽനിന്ന് പ്രളയ നഷ്ട പരിഹാരമായി കുറഞ്ഞ തുക ലഭിച്ചവർക്ക് വീട് വാസയോഗ്യമാക്കാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് ഈ യോഗത്തിലെ മിനിറ്റ്സിൽ വിലയിരുത്തിയിട്ടുണ്ട്. ഇവർക്ക് പുതിയ വീട് നിർമിക്കേണ്ടി വരുേമ്പാൾ ലഭിച്ച നഷ്ടപരിഹാരം എത്രയാണോ അത് കുറവുചെയ്ത് നാലുലക്ഷം രൂപയിൽ പരിമിതപ്പെടുത്തണമെന്ന് ഉത്തരവിൽ പറയുന്നു. ബാക്കി തുക തദ്ദേശ സ്ഥാപനത്തിൽനിന്ന് നൽകാവുന്നതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, നാലുലക്ഷം ലൈഫ് മിഷൻതന്നെ നൽകണമെന്ന നിലപാടിലാണ് തദ്ദേശ സ്ഥാപനങ്ങൾ. ഈ പ്രശ്നം മന്ത്രിമാരോട് ഉൾപ്പെടെ ഉന്നയിച്ചപ്പോൾ ലൈഫ് മിഷൻ ഇറക്കിയ ഉത്തരവിനെപ്പറ്റി അറിയില്ലെന്നാണ് ഗുണഭോക്താക്കൾക്ക് ലഭിച്ച പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.