പ്രളയ ഫണ്ട് തട്ടിപ്പ്: 80 ലക്ഷത്തിെൻറ ക്രമക്കേടെന്ന് റിപ്പോർട്ട്
text_fieldsകാക്കനാട് (കൊച്ചി): പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിച്ച സംഭവത്തിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതായി വിവരം. പൊലീസ് അന്വേഷണത്തിന് സമാന്തരമായി ജില്ല കലക്ടർ നിയമിച്ച വകുപ്പുതല അന്വേഷണ സംഘമാണ് റിപ്പോർട്ട് നൽകിയത്. പ്രഥമദൃഷ്ട്യ 80 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടന്നതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതിൽ 27.73 ലക്ഷം റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതിയും കലക്ടറേറ്റിലെ സെക്ഷൻ ക്ലർക്കുമായ വിഷ്ണുപ്രസാദ് സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കും വകമാറ്റിയതാണ്. സാങ്കേതിക കാരണങ്ങളാൽ ഗുണഭോക്താക്കൾ കലക്ടറേറ്റിൽ തിരിച്ചടിച്ച 52 ലക്ഷത്തോളം രൂപയിലും തിരിമറി നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
80 ലക്ഷത്തിൽ 11 ലക്ഷത്തോളം രൂപ കലക്ടറേറ്റിൽ തിരികെ ലഭിച്ചിട്ടുണ്ട്. മൂന്നാം പ്രതിയായ എം.എം. അൻവർ തിരിച്ചടച്ചതാണിത്. തുക തിരിച്ചുപിടിക്കാൻ റവന്യൂ നടപടികൾക്ക് കലക്ടർക്ക് ശിപാർശ ചെയ്തതായും സൂചനയുണ്ട്.
സെക്ഷനിലെ പ്രവർത്തനങ്ങളിൽ കാര്യമായ മേൽനോട്ടമില്ലാത്തതാണ് തട്ടിപ്പിന് വിഷ്ണുവിനെ പ്രേരിപ്പിച്ചത്. ആദ്യം ലഭിച്ചതിലും കൂടുതൽ തുകക്ക് അർഹതയുള്ളതിനാൽ ഗുണഭോക്താക്കൾ തിരിച്ചടച്ച തുകയിലാണ് പ്രധാനമായും തിരിമറി നടന്നത്.
ഇത്തരം പണം ട്രഷറിയിൽ അടച്ച് ചെലാൻ സെക്ഷനിൽ കാണിക്കണമെന്നാണ് ചട്ടം. ഇത് മറികടന്ന് നേരിട്ട് കൈപ്പറ്റുകയാണെങ്കിൽ ഗുണഭോക്താവിന് ‘ടി.ആർ-5’ എന്ന രശീതി നൽകിവേണം സ്വീകരിക്കാൻ. എന്നാൽ, ഇതിനുപകരം കമ്പ്യൂട്ടറിൽ തയാറാക്കി പ്രിൻറ് ചെയ്തെടുത്ത രശീതിയാണ് വിഷ്ണു നൽകിയത്. ഇത്തരത്തിൽ 52 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് കൂടാനും കുറയാനും സാധ്യതയുണ്ട്.
വിശദ അന്വേഷണത്തിന് പൊലീസിന് കൈമാറാനാണ് നിർദേശം. സി.പി.എം പ്രാദേശിക നേതാവായ എം.എം. അൻവറിെൻറയും അയ്യനാട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്ന ഭാര്യ കൗലത്തിെൻറയും സഹകരണ ബാങ്കിലെ ജോയൻറ് അക്കൗണ്ടിലേക്ക് പത്തരലക്ഷം എത്തിയതോടെയാണ് തട്ടിപ്പ് പുറത്താവുന്നത്. വിഷ്ണുപ്രസാദിന് പുറമേ പ്രതിപ്പട്ടികയിലുള്ള ബി. മഹേഷ്, മറ്റൊരു സി.പി.എം നേതാവായ എൻ.എൻ. നിധിൻ, ഭാര്യ ഷിൻറു എന്നിവർ റിമാൻഡിലാണ്. അൻവറിനെയും കൗലത്തിനെയും മഹേഷിെൻറ ഭാര്യ നീതുവിനെയും പിടികൂടാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.