പ്രളയം തകർത്ത ഇടുക്കി; ഭീതിയുടെ ആറാം വർഷം
text_fieldsമഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കിക്കളഞ്ഞ വർഷമായിരുന്നു2018. 1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് സാക്ഷ്യം വഹിച്ചത്. ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായിരുന്നു വെള്ളപ്പൊക്ക ദുരന്തം.
അതിശക്തമായ മഴയെത്തുടർന്ന് മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർധിപ്പിച്ചു. ചരിത്രത്തിലാദ്യമായി 54 അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നുവിടേണ്ടിവന്നു.
26 വർഷത്തെ ഇടവേളക്കുശേഷമാണ് ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകൾ ഒരുമിച്ചു തുറന്നത്. ജലനിരപ്പ് 2401 അടി പിന്നിട്ടതോടെ ഷട്ടറുകൾ ഒന്നൊന്നായി തുറക്കുകയായിരുന്നു. നീരൊഴുക്ക് ക്രമാതീതമായി വർധിച്ചതോടെ ഗത്യന്തരമില്ലാതെയാണ് അണക്കെട്ടുകൾ വലിയതോതിൽ തുറക്കേണ്ടി വന്നത്. ഇടുക്കിക്ക് പുറമെ മുല്ലപ്പെരിയാർ അണക്കെട്ടും തുറന്നുവിട്ടതോടെ ചെറുതോണി നഗരം വെള്ളത്തിനടിയിലാകുകയും കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം ജില്ലയിലെ പല സ്ഥലങ്ങളും ഒറ്റപ്പെടുകയും ചെയ്തു.
ഹൈറേഞ്ച് മേഖല പൂർണമായും ഒറ്റപ്പെട്ടു. മൂന്നാറിൽ നിരവധി സഞ്ചാരികൾ കുടുങ്ങി. കടുത്ത പ്രളയത്തിൽ ജില്ലയിൽ ഗതാഗത യോഗ്യമായ പാതകളുടെ എണ്ണം നാമമാത്രമായി. 92 പാതകളും മൂന്നു പാലങ്ങളും തകർന്നടിഞ്ഞതിനാൽ ജില്ലയുടെ പുറത്തേക്കുള്ള വഴികൾ അടഞ്ഞു. ഇക്കാലത്തു മാത്രം 278 ഉരുൾപൊട്ടലുകളും 1800 ലധികം മണ്ണിടിച്ചിലുകളുമുണ്ടായെന്നാണ് കണക്ക്. 11405 ഹെക്ടർ സ്ഥലത്ത് കൃഷിനാശവും 57 പേരുടെ ജീവനും നഷ്ടപ്പെട്ടു.
കാലവർഷം ശക്തമായ ആഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളിൽ നിന്നായി 14,50,707 ആളുകൾ സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ട അവസ്ഥയുണ്ടായി. ഇടുക്കി ജില്ലയിൽ മുമ്പൊരിക്കലും വെള്ളം കയറാത്ത പ്രദേശങ്ങൾ പോലും ഹൈറേഞ്ച്-ലോറേഞ്ച് പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി.
മഴ അധികം; മേഘവിസ്ഫോടനവും
തെക്കുപടിഞ്ഞാറൻ മൺസൂണിൽനിന്നുള്ള മഴ 2018ൽ കേരളത്തിൽ സാധാരണത്തേക്കാൾ 23 ശതമാനം കൂടുതലായിരുന്നു. ആഗസ്റ്റിൽ സാധാരണത്തേതിൽ നിന്ന് 96 ശതമാനം അധിക മഴ ലഭിച്ചു. ആഗസ്റ്റ് എട്ടിന് വൈകീട്ട് കേരളത്തിൽ കനത്ത മഴയായിരുന്നു. അത് പതിവിലും 116 ശതമാനം കൂടുതൽ എന്നാണ് രേഖപ്പെടുത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും മഴ തോരാതിരുന്നതിന്റെ ഫലമായി ഡാമുകൾ അവയുടെ പരമാവധി ശേഷിയിൽ നിറഞ്ഞു. ആസ്റ്റ് 14 രാത്രി മുതലുള്ള 48 മണിക്കൂറിൽ സംസ്ഥാനത്ത് 310 മില്ലിമീറ്റർ മഴ ലഭിച്ചു. കനത്ത മഴയെത്തുടർന്ന് വെള്ളം കവിഞ്ഞൊഴുകുന്ന നിലയിലേക്ക് ഉയർന്നതിനാലാണ് മിക്കവാറും എല്ലാ ഡാമുകളും തുറക്കേണ്ടി വന്നത്. ഇത് ഉയർന്ന പ്രദേശങ്ങളിൽ പോലും വെള്ളപ്പൊക്കമുണ്ടാക്കി.
കുറഞ്ഞ സമയത്തിൽ കൂടിയ അളവിൽ മഴയാണ് ദുരന്തമുണ്ടാക്കിയത്. അന്തർ സംസ്ഥാന അണക്കെട്ടുകളുടെ ഏകോപനമില്ലായ്മ, ഒട്ടനവധി മേഘവിസ്ഫോടനങ്ങൾ, അന്തരീക്ഷത്തിലെ ന്യൂനമർദം, പാടങ്ങൾ മണ്ണിട്ട് നികത്തിയത് എന്നിവയും പ്രളയത്ത്ന് കാരണമായി.
മഹാപ്രളയം ഹൈറേഞ്ചില്‍ സൃഷ്ടിച്ചത് ഉണങ്ങാത്ത മുറിവുകള്‍
അടിമാലി: ഓരോ കാലവര്‍ഷം കടന്നുപോകുമ്പോഴും ഹൈറേഞ്ചില്‍ ഉണ്ടാക്കിയത് ഉണങ്ങാത്ത മുറിവുകള്‍. പ്രളയം ഹൈറേഞ്ചിന്റെ പലപ്രദേശങ്ങളിലും വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല. മൂന്നാര്‍, മാങ്കുളം, അടിമാലി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, പളളിവാസല്‍ ദേവികുളം, വെളളത്തൂവല്‍ പഞ്ചായത്തുകളില്‍ വലിയ നാശമാണുണ്ടായത്.
മഹാപ്രളയത്തില്‍ വെളളത്തൂവലിൽ രണ്ട് മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പവര്വൗസ് ഒലിച്ച് പോയി. മാങ്കുളം പഞ്ചായത്തിന്റെ വൈദ്യുതി നിലയം നശിച്ചു. തെക്കിന്റെ കാശ്മീരായ മൂന്നാര്‍ വെളളത്തില്‍ മുങ്ങിയിരുന്നു. 2019ലും 2023ലും മൂന്നാര്‍ വെളളത്തില്‍ മുങ്ങിയിരുന്നു. അടിമാലിയില്‍ രണ്ട് സ്കൂളുകളും നൂറുകണക്കിന് കെട്ടിടങ്ങളും വെളളത്തില്‍ മുങ്ങി. പന്നിയാര്‍ പവര്‍ഹൗസ് വെളളത്തില്‍ മുങ്ങിയത് മാങ്കുളം, ആനകുളം, വിരിപാറ, കുരിശുപാറ മേഖലകൾക്ക് തിരിച്ചടിയായി.
പ്രളയത്തിൽ തകർന്ന കട്ടപ്പന കെ.എസ്.ആർ.ടി.സി ഡിപ്പോ തിരിച്ചുവരവിന്റെ പാതയിൽ
കട്ടപ്പന: 2018 ലെ പ്രളയത്തിൽ തകർന്ന കട്ടപ്പന കെ.എസ്.ആർ.ടി.സി. ഡിപ്പോ തിരിച്ചുവരവിന്റെ പാതയിൽ. ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ഡിപ്പോയിൽ വീണ്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. പുതിയ വർക്ഷോപ്പും വിശ്രമകേന്ദ്രവും നിർമിച്ചു. എറണാകുളം, കോട്ടയം എന്നിവടങ്ങളിലേക്ക് തുടർച്ചയായി ബസ് സർവിസുണ്ട്. കമ്പം-കട്ടപ്പന അന്തർ സംസ്ഥാന സർവിസും മുടങ്ങാതെ നടക്കുന്നു.
മണ്ണിടിച്ചിലിൽ നിന്ന് ഡിപ്പോയെ സംരക്ഷിക്കാൻ സംരക്ഷണ ഭിത്തി ഒരുക്കണമെന്ന് വർഷങ്ങളായി ആവശ്യം ഉയരുന്നുണ്ടെങ്കിലും പൂർണമായും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. മലഞ്ചെരിവിൽ സ്ഥിതി ചെയ്യുന്ന ഡിപ്പോക്ക് സംരക്ഷണ ഭിത്തി നിർമിച്ചില്ലെങ്കിൽ മണ്ണിടിച്ചിലിൽ വീണ്ടും നാശനഷ്ടമുണ്ടാവും. പ്രളയ സമയത്തുണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കോർപറേഷന്റെ കണക്ക്. ഓഫിസ് കെട്ടിടങ്ങളും വർക്ഷോപ്പും ജലസ്രോതസുകളും നശിച്ചുപോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.