പ്രളയത്തിൽ നഷ്ടം 20 കോടി; യുനസ്കോ സഹായം തേടി സാംസ്കാരിക വകുപ്പ്
text_fieldsകൊച്ചി: പ്രളയം കേരളത്തിെൻറ സാംസ്കാരിക മേഖലക്ക് വരുത്തിവെച്ചത് 20 കോടിയോളം രൂപയുടെ നഷ്ടം. നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് പൂർത്തിയാക്കിയ സാംസ്കാരിക വകുപ്പ് സമഗ്ര റിപ്പോർട്ട് യുനസ്കോക്ക് സമർപ്പിച്ചു.
റിപ്പോർട്ട് പഠിച്ചശേഷം ആവശ്യമായ സഹായം നൽകാമെന്നാണ് യുനസ്കോ അധികൃതർ വകുപ്പിനെ അറിയിച്ചിരിക്കുന്നത്. വിവിധ ജില്ലകളിലായി സാംസ്കാരിക വകുപ്പിന് ആകെ 19.74 കോടിയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. നഷ്ടം ഏറ്റവും കൂടുതൽ പത്തനംതിട്ട ജില്ലയിലാണ്: 12.37 കോടി.
ആലപ്പുഴ 1.16 കോടി, എറണാകുളം 2.84 കോടി, തൃശൂർ 15.36 ലക്ഷം, പാലക്കാട് 3.20 കോടി എന്നിങ്ങനെയാണ് മറ്റ് പ്രളയബാധിത ജില്ലകളിലെ നഷ്ടം. പത്തനംതിട്ട ജില്ലയിലെ 25 ആറൻമുള കണ്ണാടി നിർമാണ യൂനിറ്റുകൾ തകരുകയും വിൽപനക്ക് തയാറാക്കിയ ഉൽപന്നങ്ങൾ ഒലിച്ചുപോകുകയും ചെയ്തതുവഴി 1.60 കോടിയുടെ നഷ്ടമുണ്ടായി. മുപ്പതോളം ആറന്മുള പള്ളിയോടങ്ങൾക്ക് കാര്യമായ കേടുപാട് സംഭവിച്ചു. നിരവധി വള്ളപ്പുരകൾ തകർന്നു. 8.50 കോടിയാണ് ഇതുവഴി നഷ്ടം. ആയിരങ്ങൾ കാണാനെത്തുന്ന ആറന്മുള ഉതൃട്ടാതി വള്ളംകളി മുടങ്ങിയതിലൂടെ 63.75 ലക്ഷം നഷ്ടമുണ്ടായി. പ്രശസ്തമായ മാരാമൺ കൺവെൻഷനും ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷനും വേദിയാകുന്ന പമ്പാതീരത്തുണ്ടായ നഷ്ടം ഒരു കോടിയാണ്. പടയണി കലാകാരൻമാർക്ക് വാദ്യോപകരണങ്ങളും വേഷഭൂഷാദികളും നഷ്ടപ്പെട്ടു.
ആലപ്പുഴ ജില്ലയിലെ പായിപ്പാട് ജലോത്സവം മാറ്റിവെച്ചതുവഴി 31.87 ലക്ഷത്തിെൻറ നഷ്ടമാണ് കണക്കാക്കുന്നത്. എറണാകുളം ജില്ലയിൽ 72 ലക്ഷത്തിെൻറ ലൈബ്രറി പുസ്തകങ്ങൾ വെള്ളം കയറിനശിച്ചു. ചേന്ദമംഗലം കൈത്തറിക്ക് 1.86 കോടിയുടെ നഷ്ടമുണ്ടായി. തൃശൂർ ജില്ലയിൽ 15.36 ലക്ഷത്തിെൻറ ചൈനീസ് വലകൾ നശിച്ചു. പാലക്കാട് ജില്ലയിൽ കൽപ്പാത്തി പൈതൃകകേന്ദ്രത്തിന് 3.20 കോടിയുടെ നഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
തകർന്ന സാംസ്കാരിക കേന്ദ്രങ്ങളുടെ പുനർനിർമാണത്തിന് യുനസ്കോ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സാംസ്കാരിക വകുപ്പ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.