പ്രളയ പുനരധിവാസത്തിന് പീപ്ൾസ് ഫൗണ്ടേഷെൻറ 10 കോടിയുടെ പദ്ധതി
text_fieldsകോഴിക്കോട്: പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി പീപ്ൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന 10 കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഒക്ടോബർ 11ന് തുടക്കമാകുമെന്ന് പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രളയം ഏറെ ദുരിതം വിതച്ച വയനാട് ജില്ലയിലെ മേപ്പാടിയിൽ നിർമിക്കുന്ന ആറു വീടുകളുടെ തറക്കല്ലിടൽ 11ന് വൈകീട്ട് നാലിന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ എം.ഐ. അബ്ദുൽ അസീസ് നിർവഹിക്കും. കാപ്പംകൊല്ലി സ്വദേശി കേളച്ചൻതൊടി യൂസുഫ് ഹാജി ദാനം നൽകിയ 35 സെൻറ് സ്ഥലത്താണ് ആറു വീടുകൾ നിർമിക്കുന്നത്. ചടങ്ങിൽ എം.എൽ.എമാരായ സി.കെ. ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, സബ്കലക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി തുടങ്ങിയവർ സംബന്ധിക്കും.
പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി പീപ്ൾസ് ഫൗണ്ടേഷൻ 100 വീടുകളാണ് നിർമിച്ചുനൽകുന്നത്. നിലമ്പൂർ കവളപ്പാറയിലും വയനാട് മേപ്പാടിയിലുമാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. സർക്കാറുമായും മറ്റ് ഏജൻസികളുമായും സഹകരിച്ചാണ് വീടുകൾ നിർമിക്കുക. വീടുകളുടെ നിർമാണത്തിനു പുറമെ തൊഴിൽ മേഖലയിൽ 250 പേർക്ക് കൃഷി, 250 പേർക്ക് ചെറുകിട വ്യാപാര മേഖലയിൽ തൊഴിൽ, ചെറുതും വലുതുമായ 50 കുടിവെള്ള പദ്ധതികൾ എന്നിവയും നടപ്പാക്കും. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി 50 പദ്ധതികളും, 50 ട്രെയിനിങ് ബോധവത്കരണ ശിൽപശാലകളും സംഘടിപ്പിക്കും. വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും പുനരധിവാസത്തിെൻറ ഭാഗമായി ലഭ്യമാക്കും.
വാർത്തസമ്മേളനത്തിൽ പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ്, സംസ്ഥാന പി.ആർ സെക്രട്ടറി സമദ് കുന്നക്കാവ്, ജോ. സെക്രട്ടറി സാദിഖ് ഉളിയിൽ, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി പ്രസിഡൻറ് ഫൈസൽ പൈങ്ങോട്ടായി, പീപ്ൾസ് ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റർ ഹാമിദ് സലിം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.