പ്രളയ ദുരിതാശ്വാസം: വ്യാജ ബില്ലുകൾ നൽകി പണം തട്ടിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാർശ
text_fieldsകോഴിക്കോട് : 2019 ലെ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖകൾ ചമച്ച് സർക്കാർ ഫണ്ട് വെട്ടിച്ചതിനും അതിനു കൂട്ടുനിന്നതിനും എട്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാർശ. ഫണ്ട് തട്ടിപ്പ് നടത്തിയ ഉദ്യാഗസ്ഥർക്കെതിരെ നിയമപരമായ നടപടിയും ഉചിതവും കർശനവുമായ അച്ചടക്കനടപടിയും സ്വീകരിക്കണമെന്നും ധനകാര്യ പരിശോധനാ വിഭാഗം റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
ദുരിതാശ്വാസ ക്യാമ്പകളിൽ ചെലവായ തുകക്ക് വ്യാജ ബില്ലുകളും രസീതുകളും ഹാജരാക്കി പണം തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രളയകാലത്ത് വില്ലേജ് ഓഫിസർമാരായിരുന്ന ടി. സരിൻ കുമാർ (പനമരം-2,25,790 രൂപ), ഡി. ഗോപകുമാരൻ പിള്ള (എടവക- 1,69,957), എ.വി ബാബു (അഞ്ചുകുന്ന്-4600), ഹരിത ഹരി (തിരുനെല്ലി-10,000), സെബാസ്റ്റ്യൻ മാത്യു (തൊണ്ടാർനാട്-32,500) , എൻ.ശിവദാസ് (കാഞ്ഞിരങ്ങാട്- 18,000 രൂപ) എന്നിവർ ആകെ 4,60,847 രൂപയുടെ ബില്ലുകളും രസീതുകളും ഹാജരാക്കിയെന്നാണ് പരിശോധനയിൽ വ്യക്തമായത്.
തട്ടിയെടുത്ത തുക ഈ ഉദ്യോഗസ്ഥർ ഓരോരുത്തരിൽനിന്നും 18 ശതമാനം പലിശസഹിതം തിരികെ ഈടാക്കണമെന്നാണ് റിപ്പോർട്ട്. മാനന്തവാടി താലൂക്ക് ഓഫിസിൽനിന്ന് നൽകിയ ബില്ലുകളിലും രസീതുകളിലും നിരവധി അപാകതകൾ കണ്ടതിനെ തുടർന്ന് മാനന്തവാടി ബി.ഡി.ഒ ആയിരുന്ന എൻ. അനൂപ് കുമാർ റിപ്പോർട്ട് സഹിതം ഫയൽ തിരിച്ചയച്ചിരുന്നു. പിന്നീട് ബി.ഡി.ഒ ആയി ചാർജെടുത്ത സിറിയക്ക് ടി. കുര്യാക്കോസ്, മാനന്തവാടി തഹസിൽദാർ എൻ.ഐ. ഷാജു എന്നിവർ തുക പാസാക്കി നൽകി. ഈ രണ്ട് ഉദ്യോഗസ്ഥരാണ് തട്ടിപ്പിനെ സഹായിച്ചതെന്നും പരിശോധനയിൽ കണ്ടെത്തി. അതിനാലാണ് എട്ടുപേർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തത്.
കണക്കുകൾ പ്രകാരം ഈ തുക വില്ലേജ് ഓഫിസർമാരുടെ അക്കൗണ്ടുകളിലേക്കാണ് ക്രഡിറ്റ് ചെയ്തത്. ഈ തുക വിതരണം ചെയ്തത് സംബന്ധിച്ച് ക്രമക്കേടുകൾ വ്യക്തമായ സാഹചര്യത്തിൽ ഭാവിയിൽ തുക ബന്ധപ്പെട്ട കക്ഷികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനുള്ള നടപടികൾ ഭരണവകുപ്പ് സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.