ദുരിതാശ്വാസ തട്ടിപ്പ്: മറ്റൊരു സി.പി.എം നേതാവും ഭാര്യയും അടക്കം മൂന്നു പേർ കൂടി പിടിയിൽ
text_fieldsകാക്കനാട് (കൊച്ചി): പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ മറ്റൊരു സി.പി.എം നേതാവും ഭാര്യയും കൂടി കുടുങ്ങി. തൃക്കാ ക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എൻ.എൻ. നിതിനും ഭാര്യ ഷിൻറു ജോർജുമാണ് പ്രതിയായത്. അതിനിടെ, കേസിലെ രണ്ടാം പ്രതി മഹേഷ് പൊലീസിൽ കീഴടങ്ങി. ഒളിവിലായിരുന്ന ഇയാൾ ബുധനാഴ്ച വൈകീട്ട് തൃക്കാക്കര പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു.
ദുരിതാശ്വാസ ഫണ്ടിൽനിന്ന് ഷിൻറുവിെൻറ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ എത്തിയതായി അന്വേഷണം സംഘം കണ്ടെത്തിയതിനെ തുടർന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് നിതിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുവരെയും വ്യാഴാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എം.എം അൻവറിനെ മൂന്നാം പ്രതിയായി നേരത്തേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇയാൾ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. പ്രതിചേർക്കപ്പെട്ട നിതിനെ സി.പി.എമ്മിൽനിന്ന് പുറത്താക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം അറസ്റ്റിലായ മുഖ്യപ്രതി കലക്ടറേറ്റ് ജീവനക്കാരനായ വിഷ്ണുവിൽനിന്നാണ് ദേന ബാങ്കിെൻറ കാക്കനാട് ശാഖയിലെ ഷിൻറുവിെൻറ അക്കൗണ്ടിലേക്കും പണമയച്ചതായി വിവരം ലഭിച്ചത്. മഹേഷാണ് ഷിൻറുവിെൻറ അക്കൗണ്ട് വിവരങ്ങൾ വിഷ്ണുവിന് നൽകിയത്. നിതിെൻറ വീട്ടിൽ നടത്തിയ അന്വേഷണത്തിൽ ദേന ബാങ്കിേൻറതടക്കമുള്ള ചെക്ക്ബുക്കുകൾ പിടിച്ചെടുത്തു.
നിതിനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മഹേഷ് ആവശ്യപ്പെട്ടതനുസരിച്ചാണ് അക്കൗണ്ട് വിവരങ്ങൾ നൽകിയതെന്നാണ് സൂചന. വിഷ്ണുവിെൻറയും അടുത്ത സുഹൃത്തായിരുന്നു മഹേഷ്. ആദ്യം അക്കൗണ്ട് വിവരങ്ങൾ നൽകാൻ മടിച്ച ഷിൻറു പിന്നീട് നിതിൻ പറഞ്ഞതനുസരിച്ചാണ് വിവരങ്ങൾ കൈമാറിയത്. ഏതാനും ദിവസം മുമ്പ് അന്വേഷണസംഘം നിതിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇന്നലെ ആദ്യം ബാങ്കിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. തുടർന്ന് ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ദമ്പതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കോഴിഫാം ബിസിനസിൽ മഹേഷിെൻറ പങ്കാളി കൂടിയായ വിഷ്ണു ബിസിനസ് വിപുലീകരിക്കാനും ആഡംബര ജീവിതത്തിനുമാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ദുരിതബാധിതർക്ക് പണമയക്കുമ്പോൾ അക്കൗണ്ട് നമ്പർ തെറ്റിച്ച് നൽകിയായിരുന്നു തട്ടിപ്പ്. തുടർന്ന് തിരിച്ചെത്തുന്ന പണത്തിന് രേഖകളില്ല എന്ന് മനസ്സിലായതോടെ മഹേഷിെൻറ സഹായത്തോടെ മറ്റ് അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയായിരുന്നു. അൻവറിെൻറയും ഷിൻറുവിെൻറയും കൂടാതെ മറ്റ് പലരുടെയും അക്കൗണ്ടിലേക്കും പണം അയച്ചതായാണ് വിവരം.
ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ബുധനാഴ്‌ചയും കലക്ടറേറ്റിൽ തെളിവെടുപ്പ് നടത്തി. ദുരിതാശ്വാസ സെല്ലിലെ കമ്പ്യൂട്ടറുകളും മറ്റും അന്വേഷണസംഘം പരിശോധിച്ചു. ക്രൈംബ്രാഞ്ച് എ.സി.പി ബിജി ജോർജിെൻറ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.