കുട്ടനാട്ടിലെ പ്രളയം; രണ്ടുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കഴിഞ്ഞ വർഷം കുട്ടനാട്ടിലുണ്ടായ പ്രളയത്തിനിരയായവർക്ക് സഹായം നൽകണമെന്ന ആവശ്യത്തിൽ രണ്ടുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. കുട്ടനാട്ടിലെ പ്രളയബാധിത കുടുംബങ്ങൾക്ക് 10,000 രൂപ വീതം സഹായം നൽകണമെന്നാവശ്യപ്പെട്ട് എടത്വ സ്വദേശി ജെയ്സപ്പൻ മത്തായി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ തീരുമാനമെടുക്കാനാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിർദേശം.
2018ലും 2019ലുമുണ്ടായ പ്രളയത്തിൽ നാശനഷ്ടമുണ്ടായവർക്ക് 10,000 രൂപ വീതം നൽകിയതിന് സമാനമായ സഹായം കഴിഞ്ഞ വർഷത്തെ പ്രളയത്തിനിരയായവർക്കും നൽകണമെന്നായിരുന്നു െജയ്സപ്പൻ നൽകിയ ഹരജിയിലെ ആവശ്യം. സഹായമെന്ന നിലയിൽ നൽകിയ തുക അവകാശമായി കാണാനാകില്ലെന്ന് ഹരജിക്കാരനെ ബോധ്യപ്പെടുത്തിയപ്പോൾ, മുഖ്യമന്ത്രിക്ക് നൽകിയ നിവേദനങ്ങളിൽ തീർപ്പുണ്ടാക്കണമെന്ന ആവശ്യം ഹരജിക്കാരൻ ഉന്നയിക്കുകയായിരുന്നു.
പ്രളയബാധിതർക്ക് ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് 2020 സെപ്റ്റംബർ ഏഴിനും 13നും മുഖ്യമന്ത്രിക്ക് ഇ-മെയിൽ മുഖേന നിവേദനം നൽകിയിരുന്നു. നിവേദനങ്ങൾ ആലപ്പുഴ ജില്ല കലക്ടറുടെ പരിഗണനക്ക് വിട്ടെന്ന് സെപ്റ്റംബർ 13നുതന്നെ മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ ഒാഫിസിൽനിന്ന് മറുപടി ലഭിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. പിന്നീട് ഫെബ്രുവരി 12ന് വീണ്ടും നിവേദനം നൽകിയതായി ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
തുടർന്നാണ് നിവേദനങ്ങൾ പരിഗണിച്ച് തീർപ്പാക്കാൻ കോടതി നിർദേശിച്ചത്. ആലപ്പുഴ ജില്ല കലക്ടർ റിപ്പോർട്ട് തയാറാക്കി റവന്യൂ സെക്രട്ടറിക്ക് നൽകാനും ഇതിന്മേൽ ഉചിത നടപടി സ്വീകരിക്കാനുമാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.