ആലപ്പുഴയിൽ നിർമാണത്തിലിരുന്ന മേൽപാലം തകർന്നുവീണു; ഒഴിവായത് വൻദുരന്തം, ആഘാതത്തിൽ സമീപത്തെ രണ്ടുവീടുകൾക്ക് വിള്ളൽ
text_fieldsആലപ്പുഴ: ബീച്ചിൽ നിർമാണത്തിലിരുന്ന ആലപ്പുഴ രണ്ടാംബൈപാസ് മേൽപാലത്തിന്‍റെ നാല് കൂറ്റൻ ഗർഡറുകൾ തകർന്നുവീണു. വൻദുരന്തം ഒഴിവായത് തലനാരിഴക്ക്. തിങ്കളാഴ്ച രാവിലെ 10.50ന് ആലപ്പുഴ ബീച്ചിലെ വിജയ് പാർക്കിന് സമീപമായിരുന്നു സംഭവം. ആഘാതത്തിൽ സമീപത്തെ രണ്ട് വീടുകളുടെ ഭിത്തിയിൽ വിള്ളൽവീണു. ബീച്ച് റോഡിലെ മെൽവിൻ ഡ്രിക്യൂസ്, ടോണി കുരിശിങ്കൽ എന്നിവരുടെ ഇരുനില വീടുകൾക്കാണ് നാശമുണ്ടായത്.
ദേശീയപാത വികസനത്തിന്‍റെ ഭാഗമായി നിർമാണത്തിലുള്ള എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ മേൽപാലത്തിന്റെ 17നും 18നും ഇടയിലുള്ള തൂണിൽ ഏഴുദിവസം മുമ്പ് സ്ഥാപിച്ച ഗർഡറുകളാണ് പൂർണമായും നിലംപൊത്തിയത്. ഈസമയം മൂന്ന് തൊഴിലാളികൾ ജോലിയിലുണ്ടായിരുന്നു. രണ്ടുപേർ തകർന്ന ഗർഡറുകളുടെ സമീപത്തെ പില്ലറിൽ കമ്പികെട്ടുന്ന ജോലിയിലും മറ്റൊരാൾ താഴെയുമാണ് നിന്നിരുന്നത്.
ശബ്ദംകേട്ട് ഒരാൾ ഓടിമാറിയപ്പോൾ മുകളിലുണ്ടായിരുന്നവരെ പീന്നീട് കരാർ കമ്പനിയുടെ ഉദ്യോഗസ്ഥരെത്തി എക്സ്കവേറ്റർ ഉപയോഗിച്ച് താഴെയിറക്കി. വൻശബ്ദത്തോടെയാണ് തൊഴിലാളികൾ താമസിക്കുന്ന താൽക്കാലിക ഷെഡിന് മുകളിലേക്ക് ഗർഡറുകൾ വീണതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഈസമയം ഷെഡിൽ ആളില്ലായിരുന്നു. ഷെഡിൽ താമസിച്ചിരുന്ന അന്തർസംസ്ഥാന തൊഴിലാളികൾ രാവിലെ ഭക്ഷണം കഴിച്ച് തിരികെ ജോലിക്ക് മടങ്ങിയശേഷമായിരുന്നു അപകടം. തകർന്ന ഗർഡറുകൾ കരാർ കമ്പനി ജീവനക്കാരുടെ നേതൃത്വത്തിൽ ഉയർത്തിമാറ്റാൻ ശ്രമിച്ചെങ്കിലും സ്ഥലത്തെത്തിയ കോൺഗ്രസ് നേതാക്കൾ തൊഴിലാളികളെ തടഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.