മൂടൽമഞ്ഞും അറ്റകുറ്റപ്പണിയും; ട്രെയിനുകൾ കൂട്ടത്തോടെ വൈകിയോടുന്നു
text_fieldsപാലക്കാട്: മൂടൽമഞ്ഞും പാതകളിലെ അറ്റകുറ്റപ്പണികളുംമൂലം ഉത്തരേന്ത്യയിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകിയോടുന്നു. പല ട്രെയിനുകളും വഴി തിരിച്ചുവിടുകയാണ്. രാത്രി പുറപ്പെടേണ്ട ട്രെയിനുകൾ മൂടൽമഞ്ഞ് കാരണം രാവിലെയാണ് യാത്ര ആരംഭിക്കുന്നത്. മലയാളികൾ ഏറെ ആശ്രയിക്കുന്ന ന്യൂഡൽഹി കേരള എക്സ്പ്രസ് 27 മണിക്കൂറാണ് വൈകിയോടുന്നത്.
ബുധനാഴ്ച രാത്രി 8.10ന് ന്യൂഡൽഹിയിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ വ്യാഴാഴ്ച രാവിലെ 8.38നാണ് പുറപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിൻ ശനിയാഴ്ച രാത്രി 11നാണ് എത്തിയത്. വ്യാഴാഴ്ച ഡൽഹിയിൽനിന്ന് പുറപ്പെടേണ്ട കേരള എക്സ്പ്രസ് വെള്ളിയാഴ്ച രാവിലെ 8.55നാണ് പുറപ്പെട്ടത്. ഈ ട്രെയിനും 22 മണിക്കൂർ വൈകിയാണ് ഓടുന്നത്.
ഗോരഖ്പുർ -കൊച്ചുവേളി രപ്തിസാഗർ എക്സ്പ്രസ് 29 മണിക്കൂറാണ് വൈകി ഓടുന്നത്. ഗോരഖ്പുർ മുതൽ കാൺപുർ സെൻട്രൽ വരെ ഈ ട്രെയിൻ തിരിച്ചുവിട്ടതിനാൽ നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. വ്യാഴാഴ്ച രാവിലെ 6.35ന് പുറപ്പെടേണ്ട ട്രെയിൻ രാത്രി 11.22നാണ് യാത്ര തുടങ്ങിയത്.
വെള്ളിയാഴ്ചയും ഈ ട്രെയിൻ 4.30 മണിക്കൂർ വൈകിയാണ് യാത്ര തുടങ്ങിയത്. ധൻബാദ് -ആലപ്പുഴ എക്സ്പ്രസും ഒന്നര മണിക്കൂർ വൈകിയാണ് ഓടുന്നത്. നിസാമുദ്ദീൻ -എറണാകുളം മംഗള സൂപ്പർ ഫാസ്റ്റും 5.30 മണിക്കൂർ വരെ വൈകിയാണ് ഓടുന്നത്. ക്രിസ്മസിന് വിദ്യാലയങ്ങൾ അടച്ചതും, പുതുവർഷ ആഘോഷവും കാരണം ട്രെയിനുകളിൽ നല്ല തിരക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.