തൃക്കാക്കര ഫലത്തിന്‍റെ തുടർചലനങ്ങൾ
text_fieldsസംസ്ഥാന ഭരണത്തിന് ഇളക്കമൊന്നും തട്ടിക്കില്ലെങ്കിലും കോൺഗ്രസ് നേതാവ് പി.ടി. തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര സീറ്റ് ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് നിലനിർത്തിയത് ഭരണപക്ഷത്തിന് പ്രഹരം തന്നെയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ തുടർ ചലനങ്ങൾ കേരളം കാണാനിരിക്കുന്നേയുള്ളൂ.
സി.പി.എമ്മിന്റെ പാളയത്തിൽ.....
സി.പി.എം പാളയത്തിൽ പടനടക്കുമെന്ന് കരുതാനൊന്നും വയ്യ. എന്നാലും കുറെക്കാലത്തേക്ക് ഉൾപാർട്ടി ചർച്ചകളിൽ തൃക്കാക്കര നിറഞ്ഞുനിൽക്കും. 'കെ.എസ്. അരുൺകുമാറായിരുന്നുവെങ്കിൽ ഒരു രാഷ്ട്രീയ പോരാട്ടമെങ്കിലും നടക്കുമായിരുന്നു' എന്ന മട്ടിലെ ചർച്ചകൾ അണികൾക്കിടയിൽ പുകഞ്ഞുതുടങ്ങിയിട്ടുണ്ട്. എങ്കിലും ഇത്ര കനത്ത പരാജയത്തിന് ഉത്തരവാദികളാര് എന്ന് ചോദ്യം ഉയർന്നുകഴിഞ്ഞു. ശ്രദ്ധേയമായ ഒരുകാര്യം, തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാൽ പുറത്തെടുക്കുന്ന 'വർഗീയശക്തികളുടെ വോട്ട് വാങ്ങി, വോട്ട് കച്ചവടം നടന്നു' തുടങ്ങിയ സ്ഥിരം ക്ലീഷേകളൊന്നും ആദ്യമണിക്കൂറിൽ എടുത്ത് പ്രയോഗിക്കാൻ ജില്ല നേതൃത്വം തയാറായിട്ടില്ല എന്നതാണ്.
അതേസമയം, തോൽവിയിൽ ക്യാപ്റ്റന് ഉത്തരവാദിത്തമില്ലെന്നു വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ നീക്കവുമുണ്ട്. 'പ്രചാരണം നയിച്ചത് പിണറായിയല്ല' എന്ന ന്യായീകരണത്തിൽ അത് വ്യക്തം. പിന്നെയാര്? എന്ന ചോദ്യത്തിന് ഉത്തരമായി വിരൽ നീളുക മന്ത്രി പി. രാജീവിന് നേർക്കാണ്.
സി.പി.എം യുവനേതാവിനെ വെട്ടിനിരത്തി ഡോ. ജോ ജോസഫിനെ പോരിനിറക്കിയതിലും കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ പുരോഹിതന്റെ സാന്നിധ്യത്തിൽ സ്ഥാനാർഥിയെ 'പുറത്തിറക്കി' ക്രൈസ്തവ വോട്ടർമാർക്ക് 'കൃത്യമായ സൂചനകൾ' നൽകിയതിലുമുള്ള കൈയും തലയും പി. രാജീവിന്റേതാണ് എന്നത് പാർട്ടിയിലെ അരമന രഹസ്യമാണ്.
സതീശന് ക്യാപ്റ്റൻ തൊപ്പി
തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയം വി.ഡി. സതീശൻ എന്ന നേതാവിന്റെ രാഷ്ട്രീയജീവിതത്തിലെ വഴിത്തിരിവുതന്നെയാണ്. ഉമ തോമസ് പരാജയപ്പെടുന്നതുപോയിട്ട് ഭൂരിപക്ഷം കുറഞ്ഞിരുന്നെങ്കിൽ പോലും വി.ഡി. സതീശന്റെ ഉറക്കം കെടുത്തുംവിധം കോൺഗ്രസിലെ ഗ്രൂപ്പുകൾ കാടിളക്കുമായിരുന്നു. റെക്കോഡ് ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തുക വഴി പാർട്ടിക്കുള്ളിലെ എതിരാളികളെ കൂടിയാണ് അദ്ദേഹം മലർത്തിയടിച്ചത്. ഇനിയൊരു അങ്കത്തിന് ബാല്യമില്ലെന്ന തിരിച്ചറിവിൽ ഉമ്മൻ ചാണ്ടി മാനസികമായിത്തന്നെ പിൻവാങ്ങിക്കഴിഞ്ഞു. ജാതി സമവാക്യംപോലും രക്ഷക്കെത്താതെ രമേശ് ചെന്നിത്തലയും പിൻവാങ്ങൽ മൂഡിലാണ്. 'യഥാർഥ ക്യാപ്റ്റൻ വി.ഡി. സതീശനാണ്' എന്ന വാഴ്ത്തുപാട്ടുകളും ഉയർന്നുകഴിഞ്ഞു.
മലർപ്പൊടിക്കാരന്റെ സ്വപ്നവുമായി ബി.ജെ.പി
ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ സെൽഫ് ട്രോളടിച്ചത് ബി.ജെ.പി സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനാണ്. 2016ൽ ബി.ജെ.പി നേടിയ 20,000 വോട്ടിൽനിന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 5000 വോട്ടുകൾ ചോർന്നിരുന്നു. ഇക്കുറി 22,000 വോട്ടെങ്കിലും നേടണമെന്ന ദൗത്യമേൽപ്പിച്ചാണ് ബി.ജെ.പി എ.എൻ. രാധാകൃഷ്ണനെ മത്സരത്തിനിറക്കിയത്. പണമൊഴുക്കിലും ആൾബലത്തിലും മറ്റു മുന്നണികളെ മറികടക്കുന്ന അവസ്ഥപോലുമുണ്ടായി.
പ്രചാരണത്തിന്റെ കലാശക്കൊട്ട് ദിവസം പാർട്ടിയുടെ പുതിയ പ്രതീകമായ ബുൾഡോസറിലേറിയാണ് കെ. സുരേന്ദ്രനൊപ്പം സ്ഥാനാർഥി പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഒ. രാജഗോപാലിന്റെ പിൻഗാമിയായി താനായിരിക്കും നിയമസഭയിലെത്തുക എന്ന പ്രഖ്യാപനവും നടത്തി രാധാകൃഷ്ണൻ. എന്നാൽ, വോട്ടെണ്ണിയപ്പോൾ കഴിഞ്ഞതവണ കിട്ടിയ വോട്ടുകൾപോലും കാണാനില്ല, കെട്ടിവെച്ചത് കിട്ടാനുമില്ല എന്ന സ്ഥിതി.
തോമസ് മാഷിന്റെ വാട്ടർലൂ
മുടിയാൻ കാലത്ത് മുച്ചീർപ്പൻ കുലക്കും എന്നൊരു ചൊല്ലുണ്ട്. പാർലമെൻറിലേക്ക് കോൺഗ്രസ് പാർട്ടി ടിക്കറ്റ് നൽകാത്തതിന്റെ കൊതിക്കെറുവ് മൂത്ത് കണ്ണൂരിലെ സി.പി.എം പാർട്ടി കോൺഗ്രസിലേക്ക് തോമസ് മാഷ് ടിക്കറ്റെടുത്തത് അത്തരത്തിൽ മുച്ചീർപ്പൻ കുലച്ച സമയത്തായിരുന്നു. ഇന്നലെ, വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളജിന്റെ ഗേറ്റിനുമുന്നിൽ ഏറ്റവുമാദ്യം ഉയർന്നുകേട്ടത് തോമസ് മാഷ്ക്ക് എതിരായ മുദ്രാവാക്യങ്ങൾ. ലീഡ് നില ഉയരുന്തോറും മുദ്രാവാക്യത്തിന്റെ എരിവും പുളിയും കൂടിവന്നു. ഒരുവേള, തോമസ് മാഷും ഉമാ തോമസും തമ്മിലായിരുന്നോ മത്സരം എന്നുപോലും സംശയിച്ചു.
സൈബർ മാലിന്യങ്ങൾ ചുമക്കാത്ത വോട്ടർമാർ
സൈബറിടത്തിൽ വല്ലാതെ സമയം കളയാത്ത, വാട്സ്ആപ് , ഫേസ്ബുക്ക് യൂനിവേഴ്സിറ്റികളെ കണ്ണടച്ചു വിശ്വസിക്കാത്ത സാധാരണക്കാരാണ് ജനാധിപത്യത്തെ സംരക്ഷിച്ചുനിർത്തുന്നത് എന്നതാണ് തൃക്കാക്കര നൽകുന്ന പാഠം. ഉപതെരഞ്ഞെടുപ്പ് കാലത്ത് അത്രയേറെ മാലിന്യമാണ് സൈബറിടത്തിൽ വലിച്ചെറിയപ്പെട്ടത്. വർഗീയത മുതൽ അശ്ലീല വിഡിയോ വരെ. അതൊന്നും വോട്ടിങ്ങിൽ പ്രതിഫലിക്കാതിരുന്നത് സൈബറിടത്തിൽ സാന്നിധ്യമല്ലാത്ത സാധാരണക്കാർ കൂട്ടമായി പോളിങ് ബൂത്തിലെത്തിയതിനാലാണ്. അതാണ് രാഷ്ട്രീയ കേരളത്തിന് തൃക്കാക്കര നൽകുന്ന പ്രതീക്ഷയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.