കുടുംബ വഴക്ക്: ഭാര്യയും ഭർത്താവും കിണറ്റിൽചാടി; രക്ഷിക്കാനിറങ്ങിയയാളും കുടുങ്ങി
text_fieldsഇരിട്ടി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യക്ക് പിറകെ ഭർത്താവും കിണറ്റിൽ ചാടി. ഇവരെ രക്ഷിക്കാനായി ഇറങ്ങിയ നാട്ടുകാരനും കിണറ്റിൽപെട്ടതോടെ ഇരിട്ടി അഗ്നിരക്ഷ സേന എത്തി എല്ലാവരെയും പുറത്തെത്തിച്ചു. കണ്ണൂർ ഇരിട്ടി ഹാജി റോഡിൽ ചാക്കാട് ലക്ഷം വീട് കോളനിയിലെ കവിത, ഭർത്താവ് അർജുൻ എന്നിവരാണ് കിണറ്റിൽ ചാടിയത്.
ഗുരുതര പരിക്കേറ്റ ഇരുവരെയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷുദിവസം ഉച്ച ഒന്നോടെയാണ് സംഭവം. വീട്ടിൽ നടന്ന വഴക്കിനിടെ കവിത കിണറ്റിൽ ചാടുകയായിരുന്നു. പിന്നാലെ അർജുനും എടുത്തു ചാടി. കിണറിന് 22 കോൽ ആഴമുണ്ടായിരുന്നു. വീട്ടിലെ ബഹളം കേട്ടെത്തിയ നാട്ടുകാരനായ അനസ് ഉടൻ കിണറ്റിൽ ഇറങ്ങിയെങ്കിലും ഒന്നും ചെയ്യാനാവാതെ കിണറ്റിൽ കുടുങ്ങി. ഒരു ഭാഗം പാറക്കെട്ടുള്ള കിണറിൽ വേനൽകാലമായതിനാൽ വെള്ളം തീരെ കുറവായിരുന്നു. വിവരമറിയിച്ചതിനെത്തുടർന്ന് ഇരിട്ടി അസി. സ്റ്റേഷൻ ഓഫിസർ ടി. മോഹനെൻറ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷ സേനയാണ് ഇവരെ കിണറിൽ നിന്ന് ഏറെ പണിപ്പെട്ട് പുറത്തെത്തിച്ചത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ബെന്നി ദേവസ്യ കിണറ്റിൽ ഇറങ്ങി തൊട്ടിൽ ഉപയോഗിച്ച് ഓരോരുത്തരെയായി പുറത്തെടുക്കുകയായിരുന്നു. ഫയർ ആൻഡ് െറസ്ക്യൂ ഓഫിസർമാരായ ആർ. അനീഷ്, സഫീർ പൊയിലൻ, എ.സി. ഷാനിഫ്, ജോർജ് തോമസ്, ഹോംഗാർഡ്മാരായ വിനോയി, ബെന്നി സേവ്യർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇരുവരെയും പിന്നീട് പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.