അവർ മടങ്ങി, ജന്മനാട്ടിലേക്ക്... ആ കുട്ടികളുടെ കണ്ണുകളിൽ നിന്നും ഭയം അകന്നിട്ടില്ല
text_fieldsഅവരിപ്പോഴും ഭയത്തിലാണ് സംഭവിച്ചതിനെ കുറിച്ചൊന്നും മനസിലായിട്ടില്ല. ബാലവേല ആരോപിച്ച് ശിശുക്ഷേമ സമിതി സംരക്ഷണ കേന്ദ്രലാക്കിയിരുന്ന കുട്ടികളുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവില്ല. അവർ, ജന്മനാടായ രാജസ്ഥാനിലേക്ക് മടങ്ങി. ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ശിശുക്ഷേമ സമിതി കഴിഞ്ഞ ദിവസം കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം തന്നെ വിട്ടിരുന്നു. ശിശു ക്ഷേമ സമിതി ബലമായി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ വിഷ്ണുവും വികാസും മാത്രമല്ല ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് ആറ് കുട്ടികളും രാജസ്ഥാനിലേക്ക് മടങ്ങി.
മാതാപിതാക്കൾക്കൊപ്പം മാലയും വളയും കമ്മലുമെല്ലാം വില്‍ക്കുന്നതില്‍ സഹായിക്കുന്നത് ബാലവേലയല്ലെന്ന് ഹൈകോടതി ഉത്തരവുണ്ടെങ്കിലും ഇനിയും കുട്ടികളെ പിടിച്ചു കൊണ്ടുപോകുമോയെന്ന ഭയം മാതാപിതാക്കളും മറച്ച് വയ്ക്കുന്നില്ല. തെരുവില്‍ കച്ചവടം നടത്തി അന്നന്നത്തെ ഉപജീവനത്തിന് വഴി കണ്ടെത്തുന്ന ഇവര്‍ക്ക് നിയമ പോരാട്ടങ്ങള്‍ക്കൊന്നുമുള്ള ശക്തിയില്ല. കച്ചവടത്തിനിടയില്‍ നമ്മുടെ നാടുമായും ആളുകളുമായും അടുത്തിടപഴകിയതിന്‍റെ നല്ലോർമ്മകളുണ്ട്. കുട്ടികളെ രാജസ്ഥാനില്‍ സ്കൂളില്‍ ചേര്‍ക്കാനും പഠിപ്പിക്കാനുമെക്കെയാണിപ്പോൾ തീരുമാനം. സഹായിക്കാൻ സാമൂഹ്യ പ്രവര്‍ത്തകരുമുണ്ട്. എട്ടുകുട്ടികളേയും മുത്തശ്ശിയെ ഏല്‍പ്പിച്ച് മാതാപിതാക്കള്‍ വൈകാതെതന്നെ തിരിച്ചുവരും. കച്ചവടം തുടരുമെന്നാണ് ഇവര്‍ വിശദമാക്കുന്നത്. കഴിഞ്ഞ നവംബര്‍ 29 നാണ് രാജസ്ഥാന്‍ സ്വദേശികളായ മുകേഷ് ബാവറിയ സഹോദരൻ പാപ്പു ബാവറിയ എന്നിവരുടെ ആറും ഏഴും വയസുള്ള വിഷ്ണു, വികാസ് എന്നീ കുട്ടികളെ ശിശുക്ഷേമ സമിതി എറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലാക്കിയത്.
രാജസ്ഥാനില്‍ നിന്നെത്തി പേനയും വളയും പൊട്ടും ബലൂണുകളുമൊക്കെ തെരുവില്‍ വിറ്റായിരുന്നു ഇവരുടെ ഉപജീവനം. കച്ചവട സമയത്ത് കുട്ടികളും മാതാപിതാക്കളോടൊപ്പമുണ്ടാകും. ഇത് ബാലവേലയാണെന്നാരോപിച്ചാണ് കുട്ടികളെ ശിശുക്ഷേമ സമിതി മാതാപിതാക്കളുടെ സമ്മതമില്ലാതെ ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലാക്കിയത്. പല തവണ ആവശ്യപെട്ടിട്ടും കുട്ടികളെ വിട്ടുകിട്ടാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്.
കുട്ടികളെ മാതാപിതാക്കൾക്കൊപ്പം വിടാൻ ഉത്തരവിട്ട ഹൈകോടതി കുട്ടികൾ മാതാപിതാക്കൾക്കൊപ്പം പേനയും വളയും മാലയുമൊക്കെ വില്‍ക്കുന്നതില്‍ സഹായിക്കുന്നത് ബാലവേലയ്ക്ക് തുല്യമാകുന്നതെങ്ങനെയെന്ന് മനസിലാകുന്നില്ലെന്ന നിരീക്ഷണവും നടത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച് കുട്ടികളുടെ ക്ഷേമത്തിനാണ് പരിഗണന നൽകേണ്ടത്. അതുകൊണ്ട് കുട്ടികളെ മാതാപിതാക്കളിൽ നിന്നും വേർപിരിക്കാനാവില്ലന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.