സംസ്ഥാനത്ത് പനിച്ചൂടിന് പിന്നാലെ മരുന്നുക്ഷാമവും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി കുതിച്ചുയരുന്നതിനിടെ പല ജില്ലകളിലും മരുന്നുക്ഷാമവും വെല്ലുവിളിയാകുന്നു. ആശുപത്രികളോട് ചേർന്ന ഫാർമസികളിൽ പലയിടത്തും മരുന്നില്ല. ജനറൽ ആശുപത്രികളിൽമുതൽ പ്രാഥമികാരോഗ്യങ്ങളിൽവരെ മരുന്നില്ലായ്മ വെല്ലുവിളിയാകുന്നുണ്ട്.
പരിശോധന കഴിഞ്ഞ് ഡോക്ടർമാർ നൽകുന്ന മരുന്നിന്റെ കുറിപ്പടിയുമായി നെട്ടോട്ടമോടുകയാണ് പലയിടങ്ങളിലും. കുറവുള്ള മരുന്നുകളുടെ പട്ടിക തയാറാക്കാനും തദ്ദേശസ്ഥാപനങ്ങളുടെ മുൻകൈയിൽ പ്രാദേശികമായി വാങ്ങാനും നീക്കങ്ങളുണ്ട്. ഓർഡർ ചെയ്ത മരുന്നുകൾ സമയബന്ധിതമായി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ പറയുന്നു.
എന്നാൽ, 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ വൈകിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മറുവാദം. മാർച്ചിൽ തീർക്കേണ്ട നടപടികൾ മേയിലാണ് പൂർത്തിയായത്. കരാർ ഒപ്പിടലും നിരതദ്രവ്യം കെട്ടിവെക്കലും പർച്ചേസ് ഓർഡർ നൽകലുമെല്ലാം വൈകി. ഓർഡർ നൽകിയ മരുന്നുകൾ ഈയാഴ്ചതന്നെ എത്തിക്കാനാണ് മെഡിക്കൽ സർവിസസ് കോർപറേഷന്റെ ശ്രമം. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ ഒരുമാസത്തേക്കുവരെ നൽകുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ, സ്റ്റോക്ക് കുറഞ്ഞ സാഹചര്യത്തിൽ കുറച്ചുദിവസത്തേക്കുള്ള മരുന്നുകളാണ് പലയിടങ്ങളിലും നൽകുന്നത്. പനിക്കും ചുമക്കുമുള്ള മരുന്നുകൾക്ക് മുതൽ പ്രമേഹ-ഹൃദ്രോഗ-രക്തസമ്മർദ മരുന്നുകൾക്കുവരെ ക്ഷാമം നേരിടുന്ന ആശുപത്രികളുണ്ട്.
മെഡിക്കൽ കോളജുകളിൽ താരതമ്യേന മരുന്നുകൾ ലഭ്യമാണെങ്കിലും ജനറൽ ആശുപത്രികൾ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെയുള്ളിടങ്ങളിലാണ് ക്ഷാമം. ചില ജില്ലകളിൽ കുട്ടികൾക്കുള്ള മരുന്നുകൾക്കാണ് ദൗർലഭ്യം. ഒരേ ജില്ലയിൽതന്നെ മതിയായ മരുന്നുള്ളിടങ്ങളും കടുത്ത ക്ഷാമമുള്ള ആശുപത്രികളുമുണ്ട്. ആവശ്യകതകൂടി തിരിച്ചറിഞ്ഞ് വിതരണം ആസൂത്രണം ചെയ്താൽ ജില്ലക്കുള്ളിലെ ക്ഷാമം പരിഹരിക്കാമെന്ന നിർദേശവുമുണ്ട്.
നികുതിയും ഇറക്കുമതി തീരുവയും വർധിപ്പിച്ചതിനാൽ മരുന്ന് വാങ്ങാൻ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 30 കോടി രൂപയെങ്കിലും അധികം വേണം. വില കൂടുതലായതിനാൽ 35 ഇനം മരുന്നുകൾ ഒഴിവാക്കിയിട്ടുണ്ടെന്നാണ് വിവരം. നിർധന രോഗികൾ കൂടിയ വിലക്ക് ഇവ പുറത്തുനിന്ന് വാങ്ങാൻ നിർബന്ധിതരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.