ഭക്ഷണവും വൃത്തിയുള്ളതായി; പരിശോധന ലാബുകൾ എല്ലാ ജില്ലയിലേക്കും
text_fieldsകൊച്ചി: കോവിഡ്കാലത്ത് വ്യക്തിശുചിത്വത്തിന് പ്രാധാന്യം കൈവന്നതോടെ ഭക്ഷ്യസുരക്ഷാമേഖലയിലും ഗുണപരമായ മാറ്റം കണ്ടുതുടങ്ങി. ഭക്ഷണശാലകളിലെ വിഭവങ്ങളുടെ നിലവാരമില്ലായ്മയെക്കുറിച്ച പരാതികൾ ഗണ്യമായി കുറഞ്ഞെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്.
ശക്തമായി തുടരുന്ന പരിശോധനകൾക്കൊപ്പം കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ഓരോരുത്തരും സ്വീകരിക്കുന്ന മുൻകരുതൽ നടപടികളാണ് ഇതിന് സഹായിച്ചത് എന്നാണ് വിലയിരുത്തൽ.
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണവിഭവങ്ങൾ തയാറാക്കുന്നു എന്നതായിരുന്നു ഹോട്ടലുകളെയും റെസ്റ്റാറൻറുകളെയും കുറിച്ച പ്രധാന പരാതികളിൽ ഒന്ന്. കോവിഡ് പ്രതിരോധം സംബന്ധിച്ച അവബോധം കച്ചവടക്കാരിലും ഉപഭോക്താക്കളിലും ശക്തമായതോടെ ഭക്ഷണവിഭവങ്ങൾ തയാറാക്കുന്നതിൽ ഇപ്പോൾ കൂടുതൽ ജാഗ്രത പാലിക്കുന്നതായാണ് കണ്ടെത്തൽ.
മാസ്കിെൻറ നിരന്തര ഉപയോഗവും കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതുമടക്കം കാര്യങ്ങൾ ഭക്ഷ്യോൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സഹായിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പിന് ലഭിക്കുന്ന പരാതികളും കേസുകളും കോവിഡ് തുടങ്ങുന്നതിന് മുമ്പുണ്ടായിരുന്നതിനേക്കാൾ ഗണ്യമായി കുറഞ്ഞെന്നും അധികൃതർ പറയുന്നു.
ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നതടക്കം ഉൽപന്നങ്ങളുടെ ഗുണനിലവാര പരിശോധന കൂടുതൽ ശക്തമാക്കുകയാണ് ഭക്ഷ്യസുരക്ഷ വകുപ്പ്. സഞ്ചരിക്കുന്ന പരിശോധന ലാബുകളുടെ പ്രവർത്തനം ശേഷിക്കുന്ന ആറ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും ഫുഡ് സേഫ്റ്റി സ്റ്റാേൻറര്ഡ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് ഇതിന് നടപടി സ്വീകരിച്ചുവരികയാണെന്നും എൻഫോഴ്സ്മെൻറ് വിഭാഗം ഭക്ഷ്യസുരക്ഷ ജോയൻറ് കമീഷണറുടെ ചുമതലയുള്ള എം. മോനി 'മാധ്യമ'ത്തോട് പറഞ്ഞു.
നിലവിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ലാബുകൾ പ്രവർത്തിക്കുന്നത്. കുടിവെള്ളത്തിെൻറയും പാലിെൻറയും ഗുണനിലവാരം പരിശോധിക്കാനും ഭക്ഷ്യവസ്തുക്കളിലെ മായം, കൃത്രിമനിറം, എണ്ണകളുടെ കാലപ്പഴക്കം എന്നിവ കണ്ടെത്താനുമുള്ള സംവിധാനം ഈ ലാബുകളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.