ഓണക്കാലത്ത് റേഷൻ കൈയിട്ടുവാരിയവരെ സംരക്ഷിച്ച് ഭക്ഷ്യ വകുപ്പ്
text_fieldsതിരുവനന്തപുരം: ഓണക്കാലത്തെ അവധി ദിവസങ്ങളിൽ റേഷൻ കടകൾ തുറന്ന് തട്ടിപ്പ് നടത്തിയ വ്യാപാരികളെ സംരക്ഷിച്ച് ഭക്ഷ്യവകുപ്പ്.50 ലക്ഷത്തോളം രൂപയുടെ ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ മറിച്ചുവിറ്റവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സിവിൽ സപ്ലൈസ് ഡയറക്ടറേറ്റിലെ ഉന്നതർ ഇടപെട്ട് ഫയൽ മുക്കി.
സിവിൽ സപ്ലൈസ് ഡയറക്ടറുടെ നിർദേശമില്ലാതെ അവധി ദിനങ്ങളിൽ കടകൾ തുറക്കരുതെന്ന ഉത്തരവ് മറികടന്നാണ് 512 വ്യാപാരികൾ തിരുവോണത്തിനും മൂന്നാംഓണത്തിനും ചതയത്തിനും കടകൾ തുറന്ന് ഇ-പോസ് മെഷീൻ വഴി തട്ടിപ്പ് നടത്തിയത്. ഇതിൽ 97 ശതമാനം വിതരണവും കാർഡുടമയുടെ വിരലടയാളം പതിപ്പിക്കാതെ വ്യാപാരികൾ നേരിട്ട് (മാന്വൽ) നടത്തിയവയാണ്. മൂന്ന് ശതമാനം പോർട്ടബിലിറ്റിയായിരുന്നു.
തട്ടിപ്പ് 'മാധ്യമം' പുറത്തുകൊണ്ടുവന്നതോടെ ഭക്ഷ്യ വകുപ്പ് സെക്രട്ടറി പി. വേണുഗോപാലിെൻറ മേൽനോട്ടത്തിൽ സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി. കുമാറിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി പി. തിലോത്തമൻ ഉത്തരവിട്ടിരുന്നെങ്കിലും ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല.
തിരുവോണ ദിനത്തിൽ 37 ഇടപാടുകളാണ് സംസ്ഥാനത്ത് നടന്നത്. ഇതിൽ 31ഉം മാന്വലാണ്. മൂന്നാംഓണത്തിൽ 128 കടകളിലായി നടന്നത് 525 ഇടപാടുകൾ. ചതയ ദിനത്തിൽ 370 റേഷൻ കടകളിലായി 3561 ഇടപാടുകൾ. ഇതിൽ 3057ഉം കടക്കാർ നേരിട്ട് നടത്തിയതാണ്.എന്നാൽ തട്ടിപ്പ് നടത്തിയവരെ സംരക്ഷിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളാണ് പല ജില്ലകളിലും ജില്ല സപ്ലൈ ഓഫിസർമാർ ഡയറക്ടർക്ക് കൈമാറിയത്. തട്ടിപ്പ് ബോധ്യപ്പെട്ടിട്ടും അഴിമതി മൂടിവെക്കാനാണ് ഇവർ ശ്രമിച്ചത്.
അവധി ദിവസങ്ങളിൽ നടത്തിയ ഇടപാടുകളെല്ലാം കൃത്യമായിരുന്നെന്നും കാർഡുടമകൾക്ക് തന്നെയാണ് സാധനങ്ങൾ ലഭിച്ചതെന്നും ജില്ല സപ്ലൈ ഓഫിസർമാർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. എന്നാൽ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിനെ തള്ളുന്ന റിപ്പോർട്ടാണ് ഭക്ഷ്യവകുപ്പിെൻറ കീഴിലുള്ള വിജിലൻസ് സംഘം സിവിൽ സപ്ലൈസ് ഡയറക്ടർക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.