തീർഥാടന വേളയിൽ ഹാജിമാർക്ക് ഭക്ഷണം നൽകുന്നത് പരിഗണനയിൽ
text_fieldsമലപ്പുറം: ഹജ്ജ് വേളയിൽ തീർഥാടകർക്ക് ഭക്ഷണം നൽകുന്നത് പരിഗണനയിൽ. നിലവിൽ ഹാജിമാർക്ക് ഭക്ഷണച്ചെലവിനുള്ള പണം നൽകുകയാണ് ചെയ്യുന്നത്. ഇതിന് പകരം ഭക്ഷണം വിതരണം ചെയ്യാനാകുമോ എന്നാണ് പരിശോധിക്കുന്നത്. പുതിയ ഹജ്ജ് നയവുമായി ബന്ധപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി നടത്തിയ ചർച്ചയിൽ ഈ വിഷയവും അംഗങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്നാണ് മറ്റ് രാജ്യക്കാർ പിന്തുടരുന്ന രീതിയിൽ ഭക്ഷണം കാറ്ററിങ് സ്ഥാപനങ്ങളെ ഉപയോഗിച്ച് വിതരണം ചെയ്യുന്നതിനുള്ള സാധ്യത വിലയിരുത്തുന്നത്. ഹജ്ജ് നയവുമായി ബന്ധപ്പെട്ട് രൂപവത്കരിക്കുന്ന സമിതിക്ക് ഈ നിർദേശം കൈമാറും.
ഈ വർഷം ഹജ്ജ് വേളയിൽ ഇന്ത്യൻ തീർഥാടകർ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ചിരുന്നു. തുടർന്ന് മൂന്ന് നേരം ഭക്ഷണം പാകം ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഈ പശ്ചാത്തലത്തിലാണ് അടുത്ത വർഷം മുതൽ ഭക്ഷണം നേരിട്ട് നൽകുന്ന രീതി പരിശോധിക്കുന്നത്.
നിലവിൽ വിവിധ രാജ്യങ്ങൾ ഈ രീതി പിന്തുടരുന്നുണ്ട്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണ രീതി വ്യത്യസ്തമായതിനാൽ ഒരേ ഭക്ഷണം നൽകാൻ സാധിക്കില്ല. അതിനാൽ ഓരോ സംസ്ഥാനങ്ങൾക്കും അനുയോജ്യമായ ഭക്ഷണം കാറ്ററിങ് സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തി വിതരണം ചെയ്യാനാണ് ശ്രമം. പുതിയ രീതി ആരംഭിച്ചാൽ തീർഥാടകരുടെ കൈയിൽ പണം നൽകുന്നത് ഇല്ലാതാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.