അനാഥ-അഗതിമന്ദിര അന്തേവാസികൾക്ക് ഭക്ഷ്യ കിറ്റ്
text_fieldsതൃശൂർ: കോവിഡ് അതിജീവന ഭക്ഷ്യകിറ്റ് പരിപാലന കേന്ദ്രങ്ങളിലെ അന്തേവാസികൾക്കും നൽകും. റേഷൻ കാർഡ് ഉടമകൾക്ക് പ്രതിമാസം നൽകുന്നതിന് സമാനമായ കിറ്റ് വൈകാതെ വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് നൽകാനാണ് തീരുമാനം. അനാഥാലം, വൃദ്ധസദനം, അഗതിമന്ദിരം, കന്യാസ്ത്രീ മഠം ഉൾപ്പെടെ സ്ഥാപനങ്ങൾക്കാണ് കിറ്റ് നൽകുന്നത്.
സംസ്ഥാനത്ത് 21,000ലേറെ കാർഡുകളാണ് ഇൗ ഇനത്തിലുള്ളത്. ഒരു സ്ഥാപത്തിലെ ഒരാൾക്ക് ഒരു കാർഡാണ് പൊതു വിതരണ വകുപ്പ് നൽകിയത്. മുൻഗണനേതര സ്ഥാപനങ്ങൾ (എൻ.പി.ഐ) എന്ന പേരിലാണ് ഒാരോ അന്തേവാസിക്കും കാർഡ് നൽകിയത്. ഇങ്ങനെയുള്ള സ്ഥാപനങ്ങളിലെ നാലുപേർക്ക് ഒരു കിറ്റാണ് നൽകുക. അഥവാ നാലു കാർഡിന് ഒരു കിറ്റ് നൽകുന്ന പദ്ധതിയാണ് രണ്ടാം പിണറായി സർക്കാർ ആവിഷ്കരിച്ചത്.
നിലവിൽ എൻ.പി.ഐ കാർഡിന് രണ്ടുരൂപ നിരക്കിൽ രണ്ടുകിലോ അരിയും 17 രൂപ നിരക്കിൽ ഒരു പാക്കറ്റ് ആട്ടയും റേഷൻ കട മുഖേന നൽകുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളുടെ കണക്കെടുപ്പ് നടത്തി എല്ലാവർക്കും റേഷൻ കാർഡ് നൽകിയത്.
നേരത്തെ ഇത്തരം സ്ഥാപനങ്ങൾക്ക് പ്രതിവർഷം റേഷൻ അനുവദിക്കുകയായിരുന്നു പതിവ്. മാത്രമല്ല, ക്ഷേമപദ്ധതിയിൽ ഉൾപ്പെടുത്തി എ.പി.എൽ വിഭാഗത്തിൽ അരി നൽകിയിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ വിഹിതം കുറച്ചതോടെ അരി നൽകാനാവാത്ത സാഹചര്യമുണ്ടായി. തുടർന്ന് സംസ്ഥാന സർക്കാർ ഇടപെടലിൽ അംഗങ്ങൾക്ക് റേഷൻ കാർഡും അരിയും ആട്ടയും നൽകുകയായിരുന്നു. ട്രോളിങ് നിരോധം തുടങ്ങിയ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും കിറ്റ് വിതരണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.