റേഷന്‍ വിതരണം സാധാരണ നിലയിലേക്ക്; റേഷൻ വിതരണത്തിൽ തടസ്സമില്ലെന്ന് ഭക്ഷ്യ മന്ത്രി
text_fieldsതിരുവനന്തപുരം: സർവർ തകരാറിനെതുടർന്ന് പ്രതിസന്ധിയിലായ റേഷൻ വിതരണം സാധാരണ നിലയിലേക്ക്. അഞ്ച് ദിവസത്തെ സ്തംഭനത്തെതുടർന്ന് റേഷൻ വിതരണത്തിൽ ക്രമീകരണം വരുത്തിയതോടെയാണ് വ്യാഴാഴ്ച മുതൽ റേഷൻ വിതരണം തടസ്സം കൂടാതെ നടത്താൻ സാധിച്ചത്.
ഇന്നലെ 2,29,549 കാർഡുടമകൾ കടകളിലെത്തി സാധനങ്ങൾ വാങ്ങി മലപ്പുറം, തൃശൂർ പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ രാവിലെ 8.30 മുതൽ 12 വരെയും തിരുവനന്തപുരം, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 3.30 മുതൽ 6.30 വരെയുമായിരുന്നു റേഷൻ കടകൾ പ്രവർത്തിച്ചത്. ഈ മാസം 18 വരെയാണ് ക്രമീകരണം. നിലവിലെ സെർവറിന് ശേഷി കുറവ് ഉണ്ടായെന്ന് വ്യക്തമായതോടെ സംസ്ഥാനത്തെ ഇ പോസ് മുഖേനയുള്ള റേഷൻ വിതരണത്തിന് പുതിയ സെർവർ ഉപയോഗിക്കാൻ തീരുമാനമായിട്ടുണ്ട്.
സെർവർ തകരാർ പരിഹരിച്ചിട്ടും ചൊവ്വാഴ്ച റേഷൻ കടകളടച്ച ലൈസൻസികളുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ജനങ്ങളെ സഹായിക്കേണ്ടവരാണ് റേഷൻ വ്യാപാരികൾ എന്ന ബോധ്യം ലൈസൻസികൾക്കുണ്ടാവണമെന്നും അദ്ദേഹം സൂചിപ്പിച്ചു. സപ്ലൈകോ ഓൺലൈൻ വിൽപനയുടെയും ഹോം ഡെലിവറിയുടെയും കണ്ണൂർ ജില്ലതല ഉദ്ഘാടനം കണ്ണൂർ പൊലീസ് സഭ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച തുറന്ന 4000 റേഷൻ കടകൾ വഴി 1,90,000 കുടുംബങ്ങൾ റേഷൻ വാങ്ങി. റേഷൻ വിതരണത്തിൽ ഒരു തടസ്സവും ഇപ്പോഴില്ല. സെർവർ തകരാറുകൾ പൂർണമായി പരിഹരിക്കാൻ രാവിലെ ഏഴുജില്ലകൾ, ഉച്ചക്കുശേഷം ഏഴുജില്ലകൾ എന്ന തരത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
മാർച്ചോടെ കേരളത്തിലാകെ ഓൺലൈൻ വിൽപനക്ക് സൗകര്യം ഏർപ്പെടുത്തും. വരും വർഷം കൂടുതൽ മൊബൈൽ ഔട്ട്ലെറ്റ് വാഹനങ്ങൾ പുറത്തിറക്കും. വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ എഫ്.സി.ഐ ഉദ്യോഗസ്ഥരുടെയും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധന ഏർപ്പെടുത്തും -മന്ത്രി പറഞ്ഞു.
സര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഇ പോസ് മെഷീന് പ്രവര്‍ത്തന രഹിതമായതോടെയാണ് സംസ്ഥാനത്ത് റേഷന്‍ വിതരണം നിലച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെ കടകൾ തുറന്നപ്പോൾ ഒരു മണിക്കൂറിലേറെ ഇ പോസ് സംവിധാനം പ്രവർത്തിച്ചെങ്കിലും 9.45ഓടെ വീണ്ടും തകരാറിലായി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വിതരണം മുടങ്ങുന്നത്.
കഴിഞ്ഞ ദിവസം കടകൾ അടച്ചിട്ട് പ്രതിഷേധിച്ച വ്യാപാരികൾ, വർഷങ്ങളായി ഈ സാങ്കേതിക പ്രശ്നം ഉണ്ടാകുന്നുണ്ടെന്നും ശാശ്വത പരിഹാരം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ 92 ലക്ഷം കാർഡ് ഉടമകളിൽ 13 ലക്ഷം പേർക്ക് മാത്രമാണ് ഈ മാസം ഇതുവരെ റേഷൻ വിതരണം ചെയ്തത്. ഡേറ്റ സെന്ററിലെ തകരാർ മൂലമാണ് വിതരണം തടസ്സപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.