ഭക്ഷ്യമന്ത്രിയുടെ ഉറപ്പ് പാഴായി; സബ്സിഡി സാധനങ്ങൾ എത്തിയില്ല
text_fieldsതിരുവനന്തപുരം: സപ്ലൈകോ വിൽപന ശാലകളിൽ ഓഗസ്റ്റ് 10ഓടെ അവശ്യസാധനങ്ങൾ ഉറപ്പുവരുത്തുമെന്ന ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ വാക്ക് പാഴായി. 13 ഇന സബ്സിഡി സാധനങ്ങളിൽ പകുതിപോലും ഒരിടത്തും എത്തിയില്ല. മന്ത്രിയുടെ വാക്ക് വിശ്വസിച്ച് ഔട്ട്ലെറ്റുകളിലെത്തിയവർ ഒഴിഞ്ഞ സഞ്ചികളുമായി മടങ്ങി. ഈ മാസം നാലിനാണ് സബ്സിഡി അടക്കമുള്ള എല്ലാ സാധനങ്ങളും 10ഓടെ ലഭ്യമാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. ടെൻഡറിന്റെ കാലതാമസമാണെന്നും നടപടികൾ ഉടൻ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. എന്നാൽ സെക്രട്ടേറിയറ്റിന് സമീപത്തുള്ള സപ്ലൈകോ ഔട്ട്ലെറ്റിൽപോലും ജയ, മട്ട അരിയടക്കം ഏഴിനം സാധനങ്ങളില്ല. മൂന്നിനം സാധനങ്ങൾ വരെയുള്ള ഔട്ട്ലെറ്റുകളും തലസ്ഥാനത്തുണ്ട്. സംസ്ഥാനത്തെ 99 ശതമാനം ഔട്ട്ലെറ്റുകളുടെയും അവസ്ഥ ഇതാണ്.
ഈ മാസം 18 മുതൽ 28 വരെയാണ് സപ്ലൈകോയുടെ നേതൃത്വത്തിൽ ഓണം ഫെയറുകൾ ആരംഭിക്കുന്നത്. ഓണക്കാലം മുന്നിൽകണ്ട് സാധനങ്ങൾ സംഭരിക്കാൻ സപ്ലൈകോക്ക് പണം ധനവകുപ്പ് നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ 250 കോടി അനുവദിച്ചെങ്കിലും ഇതിൽ 70 കോടി മാത്രമാണ് വിപണി ഇടപെടലിനായി മാറ്റിവെച്ചിരിക്കുന്നത്. ഓണക്കാല വിപണി ഇടപെടലിന് ഈ തുക മതിയാകില്ലെന്ന് ഭക്ഷ്യവകുപ്പ് ധനവകുപ്പിനെ അറിയിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാറിനെ സംബന്ധിച്ച് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് മറുപടി. മുളക്, വൻപയർ, കടല എന്നിവക്ക് വിതരണക്കാർ ഉയർന്ന ടെൻഡർ തുക രേഖപ്പെടുത്തിയതിനാൽ ഓണത്തിനും ഇവ സപ്ലൈകോയിൽ എത്തില്ലെന്നാണ് വിവരം. പകരം ചെറുപയർ -1532.5 മെട്രിക് ടണ്‍, ഉഴുന്ന് -1664.5 മെട്രിക് ടണ്‍, തുവരപ്പരിപ്പ് -1158 മെട്രിക് ടണ്‍, മല്ലി -200 മെട്രിക് ടണ്‍, അരി മട്ട -2221മെട്രിക് ടണ്‍, അരി ജയ -9220 മെട്രിക് ടണ്‍, അരി കുറുവ -1570 മെട്രിക് ടണ്‍, കടല -1372.5 മെട്രിക് ടണ്‍ എന്നിവക്ക് പർച്ചേഴ്സ് ഓഡർ നൽകിയിട്ടുണ്ട്.
അതേസമയം സർക്കാറിന്റെ വിപണി ഇടപെടലിനെ വിമർശിച്ച് സപ്ലൈകോയിലെ സി.പി.ഐ അനുകൂല സംഘടന വെള്ളിയാഴ്ച സെക്രേട്ടറിയറ്റ് ധർണ നടത്തി. സപ്ലൈകോയിൽ എന്ത് ചോദിച്ചാലും ഇല്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് ധർണ ഉദ്ഘാടനം ചെയ്ത സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സർക്കാറിന് തെറ്റ് പറ്റിയെങ്കിൽ തിരുത്തണമെന്നും അടിയന്തര പരിഹാരം കാണാൻ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.