കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 30 വിദ്യാർഥികൾ ആശുപത്രിയിൽ
text_fieldsകോഴിക്കോട്: പൊക്കുന്ന് ഗുരുവായൂരപ്പൻ കോളജ് വനിത ഹോസ്റ്റലിലെ 30 വിദ്യാർഥികളും അധ്യാപികയും ഭക്ഷ്യവിഷബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. രണ്ടാംവർഷ, അവസാനവർഷ ബിരുദ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ഛർദിയും വയറിളക്കവും തലകറക്കവും പനിയും അനുഭവപ്പെട്ട് അവശനിലയിലായ വിദ്യാർഥികളാണ് ചികിത്സതേടിയത്.
ഹോസ്റ്റലിൽനിന്ന് ചൊവ്വാഴ്ച രാത്രി ഒമ്പതോടെ വെജിറ്റബ്ൾ ബിരിയാണി കഴിച്ച് കിടന്നുറങ്ങിയ കുട്ടികൾക്കാണ് അസ്വസ്തതയുണ്ടായത്. ചൊവ്വാഴ്ച അർധരാത്രി മുതൽ ഛർദിയും തലകറക്കവും അനുഭവപ്പെട്ട തങ്ങളെ ആശുപത്രിയിൽ ചികിത്സതേടാൻ പോലും ഹോസ്റ്റൽ അധികൃതർ അനുവദിച്ചില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു. ബുധനാഴ്ച രാവിലെ 11ന് മാനേജ്മെൻറ് വിളിച്ചുവരുത്തിയ ഡോക്ടറാണ് വിദ്യാർഥിനികളെ പരിശോധിച്ചത്. എന്നാൽ, കുറിപ്പടി പ്രകാരമുള്ള മരുന്ന് വൈകീട്ട് അഞ്ചരക്കാണ് എത്തിച്ചു നൽകിയെതന്നും പരാതിയുണ്ട്.
അവസാനവർഷ വിദ്യാർഥികൾക്ക് സർവകലാശാല സെമസ്റ്റർ പരീക്ഷ ഉണ്ടായിരുന്നതിനാൽ ഭക്ഷ്യവിഷബാധയേറ്റ കുട്ടികൾക്ക് ബുധനാഴ്ച അവശതയോടെ പരീക്ഷയെഴുതേണ്ടിവന്നു. അതേസമയം ഛർദിയും തലകറക്കവും കൂടിയ രണ്ടാംവർഷ വിദ്യാർഥിനികളിൽ ചിലർ ബുധനാഴ്ചത്തെ ഇേൻറണൽ പരീക്ഷ എഴുതിയില്ലെന്നാണ് വിവരം. വിദ്യാർഥികൾ വിളിച്ചറിയിച്ച പ്രകാരമെത്തിയ രക്ഷിതാക്കൾ പ്രതിഷേധിച്ചതോടെയാണ് ഭക്ഷ്യവിഷബാധയേറ്റ് പാടെ തളർന്ന ചില കുട്ടികളെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ വഴിയൊരുങ്ങിയത് എന്നാണ് വിവരം.
ഹോസ്റ്റൽ ഭക്ഷണത്തിെൻറ ഗുണനിലവാരം വളരെ മോശമായതിനെതിരെ നിരന്തരം പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. ബുധനാഴ്ച രാത്രിയിലും വിദ്യാർഥിനികൾ പലരും ചർദിയും വയറിളക്കവും പൂർണമായും ഭേദമാവാതെ കിടപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.