ഭക്ഷ്യവിഷബാധ: സംസ്ഥാനത്ത് പൂട്ടിയത് 376 ഹോട്ടലുകൾ, അനധികൃത ഹോട്ടലുകൾ 1778
text_fieldsകാസർകോട്: കുഴിമന്തി കഴിച്ച് പെൺകുട്ടി മരിക്കാനിടയായ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് മനുഷ്യാവകാശ കമീഷൻ മുന്നറിയിപ്പ് നൽകി. സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു.
അതേസമയം, ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ കമീഷൻ രജിസ്റ്റർ ചെയ്ത കേസിൽ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ വിൽക്കുന്നവർക്കെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഭക്ഷ്യസുരക്ഷ കമീഷണർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ട് ശനിയാഴ്ച കമീഷൻ പുറത്തുവിട്ടു. 2022 മേയ് രണ്ടു മുതൽ ഭക്ഷണവിതരണ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 376 സ്ഥാപനങ്ങൾ പൂട്ടിയതായി റിപ്പോർട്ടിൽ പറയുന്നു.
1778 കടകൾ അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടർന്ന് നോട്ടീസ് നൽകി. 678 സ്ഥാപനങ്ങളിൽനിന്ന് പിഴയീടാക്കി. 667 സാമ്പിൾ പരിശോധനക്കായി സർക്കാർ ലാബുകളിലേക്ക് അയച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം മാർക്കറ്റുകളിലെത്തുന്നത് തടയാൻ ചെക്ക്പോസ്റ്റുകളിൽ പരിശോധന തുടരുന്നു. 17 ടൺ മത്സ്യം നശിപ്പിച്ചു. 2797 സാമ്പിൾ പരിശോധനക്കയച്ചു. ഓപറേഷൻ മത്സ്യ എന്നപേരിൽ 5549 കേന്ദ്രങ്ങളിൽ പരിശോധന നടത്തി. കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളായി 12,683 സാമ്പിൾ ശേഖരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 1470 കേസുകൾ രജിസ്റ്റർ ചെയ്തു. പരാതി ഹൈകോടതി പരിഗണനയിലാണെന്നും ഉത്തരവിൽ പറയുന്നു. അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങൾ വിറ്റതിന് കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിലായി 1,08,77,250 രൂപ പിഴയടച്ചതായി ഭക്ഷ്യസുരക്ഷാ കമീഷണർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.