ഭക്ഷ്യവിഷബാധ; നൂറോളംപേർ ചികിത്സതേടി
text_fieldsകാഞ്ഞങ്ങാട്: ഭക്ഷ്യവിഷബാധയെ തുടർന്ന് നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. സ്ഥലത്ത് ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വെസ്റ്റ് എളേരി പുങ്ങംചാൽ കളരിക്ഷേത്രത്തിൽ നടന്ന കളിയാട്ട മഹോത്സവത്തിൽ പങ്കെടുത്തവവരിലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണമുണ്ടായത്. കുട്ടികൾ ഉൾപ്പെടെ ചികിത്സതേടിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.
ചർദ്ദി, വയറുവേദന ലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐസ് ക്രീം കഴിച്ച കുട്ടികൾക്കും വിഷബാധയുണ്ടായെന്ന് പറയുന്നുണ്ട്. വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞ ദിവസം രാത്രി 11 മുതൽ പ്രത്യേക ഒ.പി പ്രവർത്തനമാരംഭിച്ചു. ആരോഗ്യവിഭാഗം പ്രവർത്തകർ സ്ഥലത്തും ആശുപത്രിയിലുമെത്തി ജാഗ്രത പുലർത്തി. ഹെൽപ് ഡെസ്ക് നമ്പർ: 9847278945.
കർശന നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്
കാഞ്ഞങ്ങാട്: പുങ്ങംചാലിൽ ക്ഷേത്രോത്സവത്തിന് എത്തിവർക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിൽ കർശന നിർദേശവുമായി ആരോഗ്യവിഭാഗം. പഞ്ചായത്തീരാജ് ആക്ട് പ്രകാരം 100 പേരിൽ കൂടുതൽ ഒത്തുചേരുന്ന എല്ലാ പരിപാടികളും മൂന്ന് പ്രവൃത്തിദിവസം മുമ്പെങ്കിലും പഞ്ചായത്ത് ഓഫിസിൽ അറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വിവരങ്ങൾ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും നിർദേശങ്ങൾ പാലിക്കുകയും ചെയ്യണം. ശുദ്ധജലം, ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, മാലിന്യസംസ്കരണം തുടങ്ങിയ കാര്യങ്ങളിൽ അതിശ്രദ്ധ പാലിക്കണമെന്ന് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം വെള്ളരിക്കുണ്ട് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.