ഭക്ഷ്യവിഷബാധയെന്നില്ല; പ്രതികളുമില്ല, എഫ്.ഐ.ആറിൽ വീഴ്ചയെന്ന് കുടുംബം
text_fieldsകോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ എഫ്.ഐ.ആറിൽ വീഴ്ചയെന്ന് കുടുംബം. അസ്വാഭാവിക മരണമെന്ന് പറയുന്ന എഫ്.ഐ.ആറിൽ, പ്രതിപ്പട്ടികയിൽ ആരുടെയും പേര് ഉൾപ്പെടുത്തിയിട്ടില്ല. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് അവശനിലയിലായെന്ന് പറയുന്ന ഇതിൽ ഛർദിയും വയറിളക്കവും ശ്വാസംമുട്ടലും മൂലം ആരോഗ്യനില വഷളായെന്നാണ് വ്യക്തമാക്കുന്നത്.
ഭക്ഷ്യവിഷബാധയെന്ന പരാമർശവും എഫ്.ഐ.ആറിലില്ല. പരാതി പറഞ്ഞിട്ടും ഭക്ഷ്യവിഷബാധയാണെന്ന് ചേർക്കാത്തത് വീഴ്ചയാണെന്ന് രശ്മിയുടെ പിതാവ് രാജു പറഞ്ഞു. ആശുപത്രിയിൽനിന്ന് അറിയിച്ചതനുസരിച്ച് പൊലീസ് എത്തി. അവരോട് ഭക്ഷണം കഴിച്ചശേഷമാണ് അവശയായതെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇത് എഫ്.ഐ.ആറിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരിക്കാത്തതിനാലാണ് രേഖപ്പെടുത്താതിരുന്നതെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂ. ആ ഘട്ടത്തിലാകും ഇക്കാര്യം ഉൾപ്പെടുത്തുക. പ്രാഥമിക വിവരങ്ങളാണ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തുക- പൊലീസ് വിശദീകരിക്കുന്നു. രശ്മി ചികിത്സയിൽ കഴിയുന്ന ഘട്ടത്തിൽ വിവരം ആശുപത്രി അധികൃതർ അറിയിച്ചിരുന്നില്ല. അതിനാൽ മരണത്തിനുമുമ്പ് രശ്മിയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഗാന്ധിനഗർ പൊലീസ് പറയുന്നു. എഫ്.ഐ.ആറിൽ ഹോട്ടലിന്റെ പേര് ചേർക്കാത്തത് ദുരൂഹമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ആരോപിച്ചു.
ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധയാണ് രശ്മിയുടെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്രവം ഉൾപ്പെടെ രാസപരിശോധനക്ക് തിരുവനന്തപുരം റീജനൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാലേ ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥീരികരിക്കാൻ കഴിയൂവെന്നാണ് റിപ്പോർട്ടിലുള്ളത്. കഴിഞ്ഞദിവസമാണ് തിരുവനന്തപുരം പ്ലാമുട്ടുക്കട തോട്ടത്ത് വിളാകത്ത് വിനോദ്കുമാറിന്റെ ഭാര്യയും കോട്ടയം മെഡിക്കൽ കോളജ് അസ്ഥിരോഗവിഭാഗം തീവ്രപരിചരണ വിഭാഗം നഴ്സിങ് ഓഫിസറുമായ രശ്മി രാജ് (32) മരിച്ചത്.
ഹോട്ടലിനെതിരെ കൂടുതൽ പരാതി
ഗാന്ധിനഗർ (കോട്ടയം): സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽനിന്ന് അൽഫാം കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റത് സംബന്ധിച്ച് പരാതികള്‍ വർധിക്കുന്നതായി പൊലീസ്. നേരിട്ടും ഫോണ്‍ വഴിയും പരാതിയെത്തുന്നുണ്ട്. ഭക്ഷ്യവിഷബാധ സംബന്ധിച്ച് ആറ് പരാതി വന്നെന്നും ഒരെണ്ണത്തിലാണ് കേസ് എടുത്ത് അന്വേഷിക്കുന്നതെന്നും പൊലീസ് പറഞ്ഞു. യാത്രക്കിടയില്‍ ഹോട്ടലിൽനിന്ന് അൽഫാം കഴിച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട ബംഗളൂരുവില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശികളാണ് ഫോണിൽ പരാതി അറിയിച്ചത്. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് വിവിധ സ്വകാര്യആശുപത്രികളിൽ 29 പേര് ചികിത്സ തേടി. ഇതേ ഹോട്ടലിൽനിന്ന് അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ കുമാരനല്ലൂർ ഉമ്പുകാട്ട് രാജേഷിനെ (43) മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ആരോഗ്യനില മോശമായതിനെ തുടർന്ന് ഡയാലിസിസിനു വിധേയനാക്കി.
നിരവധി പേർ ചികിത്സയിൽ
കോട്ടയം: സംക്രാന്തിയിലെ ഹോട്ടലിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റവർ ചികിത്സയിൽ. കോട്ടയം മെഡിക്കൽ കോളജിലെ വനിത നഴ്സിങ് അസിസ്റ്റന്റ് അടക്കം 15ഓളം പേരാണ് ആശുപത്രികളിലുള്ളത്. എട്ടുപേർ കോട്ടയം മെഡിക്കൽ കോളജിലാണ്. മറ്റുള്ളവർ രണ്ട് സ്വകാര്യ ആശുപത്രികളിലാണ്. 29ന് ഹോട്ടൽ പാർക്കിൽനിന്ന് ഭക്ഷണം കഴിച്ചവരാണിവരെല്ലാം. ആർപ്പൂക്കര സ്വദേശി ഷാജിക്കും അഞ്ച് കുടുംബാംഗങ്ങൾക്കും ഭക്ഷ്യവിഷബാധയേറ്റതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.