വൻ ഓഫറിൽ ചിക്കൻ വിഭവങ്ങൾ നൽകി; കഴിച്ച നിരവധി പേർക്ക് വിഷബാധ
text_fieldsകരുവാരകുണ്ട്: ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധ. കരുവാരകുണ്ട് കിഴക്കെത്തലയിലെ റസ്റ്റാറന്റിൽനിന്ന് ഫാസ്റ്റ് ഫുഡ് കഴിച്ചവരിൽ ചിലരാണ് വ്യാഴാഴ്ച ഉച്ചയോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. അധികൃതർ പരിശോധന നടത്തി റസ്റ്റാറന്റ് പൂട്ടിച്ചിട്ടുണ്ട്.
തരിശ് മാമ്പറ്റ, പുൽവെട്ട കക്കറ, കുട്ടത്തി എന്നിവിടങ്ങളിൽനിന്നുള്ള പത്തോളം പേരാണ് വയറിളക്കം, ഛർദി, കടുത്ത ക്ഷീണം എന്നീ ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തിയത്. ഭക്ഷണത്തിൽ നിന്നേറ്റ വിഷബാധയാണ് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.
കിഴക്കെത്തല ടൗണിലെ ഒരു ഫാസ്റ്റ് ഫുഡ് കടയിൽനിന്ന് ഇവരെല്ലാം കഴിഞ്ഞദിവസം ഭക്ഷണം കഴിച്ചിരുന്നു. ഈ കടയിൽ ഏതാനും ദിവസങ്ങളായി ചിക്കൻ വിഭവങ്ങൾക്ക് വൻ ഓഫർ നൽകുന്നുണ്ട്.
കൂടുതൽ പേർക്ക് വിഷബാധയേറ്റതായി സംശയമുണ്ട്. കാളികാവ്, മേലാറ്റൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലും ചിലർ ചികിത്സ തേടിയതായി അറിയുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ, സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ. നാസർ, ആരോഗ്യ ഇൻസ്പെക്ടർ വിനോദ് എന്നിവർ രാത്രിയോടെ തന്നെ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.