ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം: മുഖ്യ പാചകക്കാരൻ അറസ്റ്റിൽ
text_fieldsകോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്‌സ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സംക്രാന്തി ഹോട്ടൽ പാർക്കിലെ മുഖ്യ പാചകക്കാരനായിരുന്ന മലപ്പുറം തിരൂര്‍ മേൽമുറി പാലത്തിങ്കൽ പിലാത്തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് സിറാജുദ്ദീനെയാണ് (20) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടിനാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സ് രശ്മി രാജ് മരണപ്പെട്ടത്. ഭക്ഷ്യവിഷബാധയെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കഴിഞ്ഞ 29ന് സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽനിന്ന് ഓർഡർ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ചതിനുപിന്നാലെ ഇവർക്ക് അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ചീഫ് കുക്ക് ആയ സിറാജുദ്ദീൻ ഒളിവിൽ പോയിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് മലപ്പുറം കാടാമ്പുഴയിൽനിന്നാണ് പിടികൂടിയത്. മറ്റ് പ്രതികൾക്കായി അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് പറഞ്ഞു.
ഇവിടെനിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നുകാട്ടി എട്ടോളം പേരും കോട്ടയം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ കെ. ഷിജി, വെസ്റ്റ് എസ്.ഐ ശ്രീജിത്ത്, എസ്.ഐ വി. വിദ്യ, എം.സി. പവനൻ, സി.പി.ഒമാരായ അനീഷ് വി.കെ, പ്രവീണോ പി.വി, സുബീഷ്, രാകേഷ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.