ഭക്ഷ്യവിഷബാധ: ഓടിയെത്താൻ കഴിയാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്
text_fieldsകോഴിക്കോട്: കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ച സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവർത്തനങ്ങൾ ചർച്ചയാവുകയാണ്. എന്നാൽ, അടിസ്ഥാന സൗകര്യമില്ലാതെ ദുരിതം അനുഭവിക്കുകയാണീ വകുപ്പ്. ശരിക്കും നാഥനില്ലാത്ത അവസ്ഥയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. 39 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. പരിശോധനകളുടെ ചുമതലയുളള ജോയിന്‍റ് കമ്മിഷണറുടെ തസ്തികയില്‍ രണ്ടുവര്‍ഷമായി സ്ഥിര നിയമനമില്ല. മൂന്ന് നിയോജക മണ്ഡലങ്ങള്‍ക്ക് ഒറ്റ വാഹനം മാത്രമാണ് പരിശോധനയ്ക്കുള്ളത്.
പഴകിയതും പാതിവെന്തതുമായ ഭക്ഷണം പതിവാകുന്നതും ലൈസന്‍സില്ലാത്ത കടകള്‍ പെരുകുന്നതിന്റെയും കാരണം മറ്റൊരിടത്തും അന്വേഷിക്കേണ്ടതില്ല. നിര്‍ണായകമായൊരു വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നത് വലിയ വീഴ്ചയാണെന്നാണ് പൊതുവിമർശനം. ജോയിന്റ് കമ്മിഷണറുടെ തസ്തികയില്‍ ആളില്ലാതായത് 2020 ജൂണ്‍ ഒന്നുമുതലാണ്. മായം കലര്‍ന്നിട്ടുണ്ടോയെന്ന പരിശോധന, സാമ്പിളുകളുടെ ശേഖരണം, കുറ്റം ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാനുളള കോടതി നടപടികള്‍ ഇതിന്‍റെയെല്ലാം ചുമതലയുളള ഉദ്യോഗസ്ഥന്റെ കസേരയാണ് രണ്ടുവര്‍ഷമായി ഒഴിഞ്ഞുകിടക്കുന്നത്. മൂന്ന് ഡപ്യൂട്ടി കമ്മിഷണര്‍മാരില്‍ ഒരാള്‍ അടുത്തിടെ വിരമിച്ചു.
ജില്ലയുടെ ചുമതല അസി. കമ്മിഷണര്‍മാര്‍ക്കാണ്. മലപ്പുറം, എറണാകുളം ജില്ലകളിലും ഈ തസ്കികയിലും സ്ഥിരം ആളില്ല. ഒഴിവുള്ള ഇടങ്ങളിലേയ്ക്ക് മറ്റ് ചുമതലകളിലുളളവര്‍ക്ക് ചാര്‍ജ് നൽകുകയാണ് ചെയ്യുന്നത്. ഇതാകട്ടെ, അമിത ഭാരമാവുകയാണ്. പുതിയ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നാണ് പൊതുആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.