ഭക്ഷ്യസുരക്ഷ: മിന്നൽ പരിശോധനകള്‍ക്കായി പ്രത്യേക ദൗത്യ സേന രൂപവത്കരിക്കും -മന്ത്രി
text_fieldsതിരുവനന്തപുരം: ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അത് പുനഃസ്ഥാപിക്കുന്നതിന് ഇനിമുതൽ ഭക്ഷ്യസുരക്ഷ കമീഷണറുടെ അനുമതികൂടി വേണം. അസി. കമീഷണർമാർക്കും അതത് തദ്ദേശസ്ഥാപനങ്ങൾക്കും നൽകിയിരുന്ന ചുമതലയിലാണ് ഭക്ഷ്യസുരക്ഷ കമീഷണറുടെ അനുമതി കൂടി നിർബന്ധമാക്കിയത്. ഫുഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി വീണ ജോർജ് നിർദേശം നൽകിയത്.
കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തണം. രാത്രികാലങ്ങളില്‍ ചെക്പോസ്റ്റുകള്‍, തട്ടുകടകള്‍ എന്നിവ കേന്ദ്രീകരിച്ച് കൃത്യമായി പരിശോധനകള്‍ നടത്തണം. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. പരിശോധനകളും പ്രോസിക്യൂഷന് നടപടികളും ഭയരഹിതമായി നടത്തണം. ഇനിമേല്‍ പരിശോധന നടത്തുന്ന സ്ഥാപനങ്ങള്‍ കൃത്യമായി ഓണ്‍ലൈന്‍ മുഖേന ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. ഇത് സംസ്ഥാന തലത്തില്‍ വിലയിരുത്തണം. ഹോട്ടലുകളുടെ ശുചിത്വ നിലവാര സംവിധാനവും പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിക്കാനുള്ള പോര്‍ട്ടലും ഉടന്‍ തന്നെ സജ്ജമാക്കും.
ശരിയായ രീതിയില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും സര്‍ക്കാറിന്റെ പരിരക്ഷയുണ്ടാകും. പരാതി ലഭിക്കുമ്പോള്‍ കൃത്യമായ നടപടി സ്വീകരിക്കണം. നിയമം ദുരുപയോഗം ചെയ്യരുത്.
മുന്‍കൂട്ടി അറിയിക്കാതെ പരിശോധനകള്‍ ഉറപ്പാക്കണം. പൊലീസ് സംരക്ഷണം ആവശ്യമെങ്കില്‍ തേടണമെന്നും മന്ത്രി നിർദേശിച്ചു. സംസ്ഥാന തലത്തില്‍ മിന്നൽ പരിശോധനകള്‍ക്കായി പ്രത്യേക സംസ്ഥാന ദൗത്യ സേന രൂപവത്കരിക്കും. സംസ്ഥാനത്തെ ഏത് ഭാഗത്തും ഈ ദൗത്യ സേനക്ക് പരിശോധന നടത്താനാകും. അതത് പ്രദേശത്തെ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ മുതല്‍ കമീഷണര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. കോവിഡിന് ശേഷം ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നടപടികള്‍ ശക്തമാക്കിയതായി യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.