ശീതളപാനീയം, കുപ്പിവെള്ളം: കടകളിൽ മിന്നൽ പരിശോധന
text_fieldsതിരുവനന്തപുരം: ചൂടുകാലത്ത് വിറ്റഴിക്കുന്ന ശീതള പാനീയങ്ങളുടേയും കുപ്പിവെള്ളത്തിന്റേയും സുരക്ഷ ഉറപ്പു വരുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന. ഐസ്ക്രീം നിർമാണ- വിപണന കേന്ദ്രങ്ങള്‍, കുപ്പിവെള്ള നിര്‍മാണ -വിതരണ -വിപണന കേന്ദ്രങ്ങള്‍, ശീതളപാനീയ നിര്‍മണ -വിതരണ -വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
വിനോദ സഞ്ചാര മേഖലകളിലും പരിശോധന ഉണ്ടായിരുന്നു. 815 പരിശോധനകളില്‍ ഗുരുതര നിയമലംഘനം കണ്ടെത്തിയ ഏഴു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു. 54 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും 37 സ്ഥാപനങ്ങള്‍ക്ക് പിഴ നോട്ടീസും നല്കി. തുടര്‍പരിശോധനക്ക് 354 സാമ്പ്ൾ ശേഖരിച്ചു. ഇവ വിദഗ്ധ പരിശോധനക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ലബോറട്ടറികളിലേക്ക് കൈമാറി. പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും.
പരിശോധന ശക്തമായി തുടരുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. ശീതള പാനീയങ്ങള്‍ വിപണനം നടത്തുന്ന കടയുടമകള്‍ പാനീയങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ജലവും ഐസും ശുദ്ധമാണെന്ന് ഉറപ്പാക്കണം. കുടിവെള്ളം, ശീതള പാനീയങ്ങള്‍ എന്നിവ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ വെയിലേല്‍ക്കുന്ന രീതിയില്‍ സൂക്ഷിക്കുകയോ അടച്ചുറപ്പില്ലാത്ത തുറന്ന വാഹനങ്ങളില്‍ കൊണ്ടുപോകുകയോ ചെയ്യരുത്.
ഉത്സവങ്ങള്‍, മേളകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ശീതള പാനീയങ്ങള്‍, കുപ്പിവെള്ളം, ഐസ് കാന്‍ഡി, ഐസ്ക്രീം എന്നിവ സുരക്ഷിതമായി വിപണനം നടത്തണം. ടൂറിസം കേന്ദ്രങ്ങളിലെ ശീതള പാനീയ വില്പന കേന്ദ്രങ്ങള്‍, കുപ്പിവെള്ള നിര്‍മാണ, വിതരണ, വില്പന കേന്ദ്രങ്ങള്‍, ഐസ്ക്രീം നിര്‍മാണ, വിതരണ , വില്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷയുടെ കൂടുതല്‍ ശ്രദ്ധ വേണമെന്നും നിർദേശിച്ചു.
ഭക്ഷ്യ സുരക്ഷ കമീഷണര്‍ ജാഫര്‍ മാലിക്കിന്റെ ഏകോപനത്തില്‍ ഭക്ഷ്യ സുരക്ഷ ജോയന്റ് കമീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമീഷണര്‍മാരായ എസ്. അജി, ജി. രഘുനാഥക്കുറുപ്പ്, വി.കെ. പ്രദീപ് കുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.