ഭക്ഷ്യസുരക്ഷ പരിശോധന: കൊച്ചിക്ക് പിന്നാലെ രണ്ടു ലാബുകള്‍ക്ക് കൂടി ഉടന്‍ ന്‍.എ.ബി.എല്‍ അംഗീകാരം
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയില്‍ എറണാകുളം റീജനല്‍ അനലിറ്റിക്കല്‍ ലാബിനു പിന്നാലെ തിരുവനന്തപുരം, കോഴിക്കോട് ഭക്ഷ്യസുരക്ഷ ലാബുകള്‍ക്കും എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുള്ള നടപടികള്‍ ഊര്‍ജിതം. തിരുവനന്തപുരത്തെ റീജനല്‍ ലാബിന് അംഗീകാരം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ജനുവരി അവസാനത്തോടെ എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ലഭിക്കുമെന്നാണ് വിവരം. കോഴിക്കോട് ലാബിന് മാര്‍ച്ചില്‍ അംഗീകാരം ലഭിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും ഭക്ഷ്യ സുരക്ഷ വിഭാഗം വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ പരിശോധനയില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കിയാണ് സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ അനലിറ്റിക്കല്‍ ലാബിന് ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ലബോറട്ടറീസ് (എന്‍.എ.ബി.എല്‍) അക്രഡിറ്റേഷന്‍ ലഭിച്ചത്.
ഇതുവഴി ഭക്ഷ്യോല്‍പന്നങ്ങളിലെ നാല്‍പതിലധികം ഘടകങ്ങളുടെ ആധികാരിക പരിശോധന നടത്താനാവും. പരിശോധനകളുടെ ആധികാരികതയും വിശ്വാസ്യതയും സൂക്ഷ്മതയും വര്‍ധിക്കുകയും ചെയ്യും. എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ഇല്ലാത്ത ലാബുകളില്‍ പരിശോധിച്ച ഫലങ്ങള്‍ കോടതികളില്‍ പരാജയപ്പെടുന്നത് ഒഴിവാക്കാനുമാകും. തിരുവനന്തപുരത്തെയും കോഴിക്കൊട്ടെയും ലാബുകള്‍ക്ക് കൂടി എന്‍.എ.ബി.എല്‍ അംഗീകാരം ലഭിക്കുന്നതോടെ എല്ലാ സര്‍ക്കാര്‍ ലാബുകളും എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ നേടുന്ന ആദ്യ സംസ്ഥാനമാകും കേരളം. രണ്ടു വര്‍ഷത്തേക്കാണ് എറണാകുളത്തെ ലാബിന് അക്രഡിറ്റേഷന്‍ ലഭിച്ചിരിക്കുന്നത്.
കാലാവധി കഴിഞ്ഞാല്‍ വീണ്ടും പുതുക്കണം. ഭക്ഷ്യ എണ്ണ, തേയില, കോഫി, സുഗന്ധ വ്യഞ്ജനങ്ങള്‍, കുടിവെള്ളം, പാല്‍ തുടങ്ങിയവയിലെ നാല്‍പതിലധികം ഘടകങ്ങളുടെ പരിശോധന എറണാകുളം ലാബില്‍ ആധികാരികമായി നടത്താനാകും. അക്രഡിറ്റേഷന്‍ ലഭ്യമാക്കുന്നതിന് 60 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് മൂന്ന് ലാബുകളുടെയും നവീകരണം നടത്തുന്നത്. സംസ്ഥാനത്തെ മൂന്ന് ലാബുകളിലും ഭക്ഷ്യവസ്തുക്കളിലെ കൂടുതല്‍ ഘടകങ്ങള്‍ പരിശോധിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 30 ലക്ഷം രൂപ അനുവദിച്ചിട്ടുമുണ്ട്. ഇത് കൂടാതെ, കോഴിക്കോട് റീജനല്‍ അനലിറ്റിക്കല്‍ ലാബിന് കേന്ദ്ര സര്‍ക്കാര്‍ 8.5 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്. ഇപ്രകാരം ലഭിക്കുന്ന തുക ഉപയോഗിച്ച് ആധുനിക പരിശോധന ഉപകരണങ്ങള്‍ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.