എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ ലബോറട്ടറികൾ
text_fieldsതിരുവനന്തപുരം: ഭക്ഷ്യസുരക്ഷവിഭാഗത്തിെൻറ സഞ്ചരിക്കുന്ന പരിശോധന ലബോറട്ടറികൾ ആറ് ജില്ലകളിൽ കൂടി. ഇതോടെ സംസ്ഥാനത്തെ 14 ജില്ലകളിലും മൊബൈൽ ലബോറട്ടറി സംവിധാനമുള്ള സംസ്ഥാനമായി കേരളം മാറും.കോട്ടയം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസർകോട് എന്നിവിടങ്ങളിലാണ് മൊബൈൽ ലബോറട്ടറികൾ വരുന്നത്. ജനുവരി ആദ്യവാരം ഉദ്ഘാടനം നടക്കുമെന്ന് ഭക്ഷ്യസുരക്ഷവിഭാഗം അസി. കമീഷണർ അലക്സ് കെ. ഐസക് 'മാധ്യമ'ത്തോട് പറഞ്ഞു.ഭക്ഷ്യസുരക്ഷവിഭാഗത്തിെൻറ സേവനങ്ങൾ കൂടുതൽ പേരിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2017 മുതൽ മൊബൈൽ ലബോറട്ടറികൾ നിരത്തിലിറക്കിയത്. ആദ്യം തിരുവനന്തപുരം ഉൾപ്പെടെ രണ്ട് ജില്ലകളിലായിരുന്നു. തുടർന്ന് മറ്റ് ആറ് ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. അവശേഷിച്ച ആറ് ജില്ലകളിൽ കൂടി മൊബൈൽ ലബോറട്ടറികൾ എത്തുന്നതോടെ 14 ജില്ലകളിലുമുള്ള ആളുകൾക്ക് ഭക്ഷ്യ ഉൽപന്നങ്ങളുടെ പ്രാഥമിക പരിശോധന നടത്താനാകും.
വെള്ളം, പാൽ, ചായപ്പൊടി, േബക്കറി ഉൽപന്നങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങി അത്യാവശ്യ പരിശോധനകൾക്കാണ് സൗകര്യം. എണ്ണ, കറിപൗഡറുകൾ, മറ്റ് ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവ മൊബൈൽ ലബോറട്ടറികളിൽ പരിശോധിക്കാനാവില്ല. പരിശോധനഫലം സാമ്പ്ൾ കൈമാറുന്ന വ്യക്തിക്ക് അന്നേദിവസംതന്നെ കൈമാറും. ഓരോവാഹനത്തിലും ഭക്ഷ്യസുരക്ഷവിഭാഗത്തിെൻറ രണ്ട് ലബോറട്ടറി ടെക്നീഷ്യന്മാരും ഭക്ഷ്യസുരക്ഷവിഭാഗം ഉദ്യോഗസ്ഥനും ഉണ്ടാകും. ഇപ്പോൾ എട്ട് ജില്ലകളിൽ പ്രവർത്തിക്കുന്ന മൊബൈൽ ലബോറട്ടറികളിൽ ഒരുമാസം ശരാശരി 1200ഓളം സാമ്പ്ൾ പരിശോധിക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷവിഭാഗം അറിയിച്ചു.ജില്ലകളിൽ അസി. കമീഷണർമാരുടെ നിർദേശപ്രകാരം പ്രത്യേക കേന്ദ്രങ്ങൾ മുൻകൂട്ടി നിശ്ചയിച്ചാണ് സഞ്ചരിക്കുന്ന ലബോറട്ടറികൾ യാത്രചെയ്യുക. ഭക്ഷ്യസുരക്ഷ സംബന്ധിച്ച ബോധവത്കരണവും വകുപ്പിെൻറ സേവനങ്ങളും മൊബൈൽ ലബോറട്ടറി വാഹനങ്ങളിൽനിന്ന് പൊതുജനങ്ങൾക്ക് ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.