ഭക്ഷ്യഭദ്രതാനിയമം സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു
text_fieldsതിരുവനന്തപുരം: ഭക്ഷ്യഭദ്രതാനിയമം സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നു. കാതലായ നിർദേശങ്ങളിൽ വെള്ളംചേർത്തും ജി.പി.എസ്, ഇ-പോസ് പദ്ധതികൾ വേണ്ടെന്നുവെച്ചുമാണ് സർക്കാർ റേഷൻരംഗത്ത് വീണ്ടും കോടികളുടെ അഴിമതിക്ക് കളമൊരുക്കുന്നത്.
ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുപോകുന്ന ലോറികളില്‍ ജി.പി.എസ് ഘടിപ്പിച്ച് സഞ്ചാരം നിരീക്ഷിക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാലിത് ഒരുവർഷത്തേക്ക് വേണ്ടതില്ലെന്നാണ് തീരുമാനം. ജി.പി.എസ് ഘടിപ്പിക്കുന്നതിനാവശ്യമായ തുക ആര് വഹിക്കുമെന്ന സിവിൽ സപ്ലൈസ് വകുപ്പും സിവിൽ സപ്ലൈസ് കോർപറേഷനും തമ്മിലുള്ള തർക്കമാണ് പദ്ധതി മരവിപ്പിക്കാൻ കാരണം. ലോറി ഉടമകൾ അവരുടെ ചെലവിൽ ജി.പി.എസ് ഘടിപ്പിക്കണമെന്ന് ഭക്ഷ്യവകുപ്പ് നിർദേശിച്ചെങ്കിലും ഇത് അംഗീകരിക്കാൻ കരാറുകാർ തയാറായില്ല.
മാർച്ച് ഒമ്പതുമുതൽ വാതിൽപടി വിതരണം ആരംഭിച്ച കൊല്ലത്ത് ഒരുവാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിച്ചിട്ടില്ല. അതേസമയം പദ്ധതി ഉപേക്ഷിച്ചതിന് പിന്നിൽ കരിഞ്ചന്തക്കാരും ഉന്നതതല ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ആരോപണമുണ്ട്. മൊത്തവിതരണക്കാരെ ഒഴിവാക്കി സർക്കാർ ഏജൻസിയാണ് എഫ്.സി.ഐയിൽനിന്ന് സാധനങ്ങൾ എടുക്കേണ്ടത്. ഇടനിലക്കാരെ ഒഴിവാക്കിയെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ തന്നെ നിലവിൽ സപ്ലൈകോക്ക് പകരം അരിയെടുക്കുന്നത് കരാറുകാരാണ്.
മുൻകാലങ്ങളിൽ റേഷൻ മറിച്ചുവിറ്റവർക്കും അവരുടെ ബിനാമികൾക്കുമാണ് പലജില്ലകളിലും സപ്ലൈകോ കരാർ നൽകിയതെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ മാത്രം കരിഞ്ചന്തയിലേക്ക് കൊണ്ടുപോയ 3500ഓളം ചാക്ക് റേഷനരിയാണ് പൊലീസ് പിടികൂടിയത്. സംസ്ഥാനത്തെ 14,419 റേഷൻ കടകളിൽ ഇ-പോസ് (ഇലക്ട്രോണിക് പോയൻറ് ഓഫ് സെയിൽ) മെഷീൻ സ്ഥാപിക്കുന്നത് ഏപ്രിലോടെ പൂർത്തിയാകുമെന്ന് നേരത്തെ ഭക്ഷ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ, ഒരു കടകളിൽപോലും മെഷീൻ സ്ഥാപിച്ചില്ല. ഇ-പോസ് സ്ഥാപിച്ചാൽ ഓരോ കാർഡുടമയും വാങ്ങുന്ന ഭക്ഷ്യധാന്യത്തിെൻറ കൃത്യമായ അളവ് അറിയാം.
മെഷീനിൽ കാർഡുടമ വിരൽ പതിപ്പിക്കുമ്പോൾ തന്നെ അർഹതപ്പെട്ട ഭക്ഷ്യധാന്യം സ്ക്രീനിൽ തെളിയുകയും കൃത്യമായ കണക്കുകൾ രേഖയാവുകയുംചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.