ഭക്ഷ്യഭദ്രതനിയമം: വീണ്ടും തൊഴിലാളി തർക്കം; ആറ് ജില്ലകളിലെ വാതിൽപടി വിതരണം പാളി
text_fieldsതിരുവനന്തപുരം: തൊഴിലാളി തർക്കവും ഉദ്യോഗസ്ഥരുടെ അഭാവവും മൂലം സംസ്ഥാനത്ത് ആറ് ജില്ലകളിൽ ആരംഭിക്കേണ്ട റേഷൻ വാതിൽപടി വിതരണം പാളി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഏപ്രിൽ മുതൽ ആരംഭിക്കേണ്ട വാതിൽപടി വിതരണമാണ് താളംതെറ്റിയത്. ഇതോടെ മേയ് മാസത്തേക്കുള്ള റേഷൻ സാധനങ്ങൾ ഏറ്റെടുക്കൽ പാതി വഴിയിലാണ്. കേന്ദ്ര വെയർ ഹൗസിങ് കോർപറേഷന് കീഴിലുള്ള ഗോഡൗണുകളിലെ തൊഴിലാളി തർക്കവും റേഷൻ വിതരണ ജീവനക്കാരുടെ അഭാവവുമാണ് പദ്ധതി കീഴ്മേൽ മറിയാൻ കാരണം. കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരം റേഷൻ വിതരണരംഗത്തുനിന്ന് മൊത്തവിതരണക്കാരെ ഒഴിവാക്കി എഫ്.സി.ഐയിൽനിന്ന് സർക്കാർ നേരിട്ട് ഭക്ഷ്യധാന്യങ്ങൾ ഏറ്റെടുത്ത് റേഷൻ കടകളിലെത്തിക്കുന്ന സംവിധാനമാണ് വാതിൽപടി വിതരണം.
ഇത്തരത്തിൽ മാർച്ചിൽ കൊല്ലത്ത് ആരംഭിച്ച പദ്ധതി ഏപ്രിൽ മുതൽ ആറ് ജില്ലകളിൽ കൂടി ആരംഭിക്കുമെന്നായിരുന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അറിയിച്ചിരുന്നത്. എഫ്.സി.ഐയിൽനിന്ന് സാധനങ്ങൾ ഏറ്റെടുക്കാൻ സപ്ലൈകോയെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരുന്നത്. സപ്ലൈകോ ഏറ്റെടുക്കുന്ന ഭക്ഷ്യധാന്യങ്ങൾ സംസ്ഥാന-കേന്ദ്ര വെയർ ഹൗസിങ് കോർപറേഷന് കീഴിലുള്ള ഗോഡൗണുകളിലാണ് സംഭരിക്കുന്നത്. എന്നാൽ, കേന്ദ്ര വെയർഹൗസിങ് കോർപറേഷന് കീഴിലെ ചുമുട്ടുതൊഴിലാളികൾ ഗോഡൗണിൽ സാധനങ്ങൾ ഇറക്കുന്നതിനെതിരെ രംഗത്തുവന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഭക്ഷ്യഭദ്രത നിയമപ്രകാരം മൊത്തവിതരണക്കാർ റേഷൻ വിതരണത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതോടെ ഇവരുടെ ഗോഡൗണുകളിൽ പണിയെടുത്തിരുന്ന ആയിരക്കണക്കിന് ചുമട്ടുതൊഴിലാളികൾ തൊഴിലില്ലാത്ത അവസ്ഥയിലാണ്. തുടർന്ന് ട്രേഡ് യൂനിയനുകൾ സർക്കാറുമായി നടത്തിയ ചർച്ചയിൽ ഒാരോ ജില്ലയിലും തൊഴിൽ നഷ്ടപ്പെട്ട 50 ശതമാനം തൊഴിലാളികളെ വീതം സംസ്ഥാന-കേന്ദ്ര വെയർ ഹൗസിങ് കോർപറേഷന് കീഴിലുള്ള ഗോഡൗണുകളിൽ ജോലിക്ക് കയറ്റാമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ, ഈ കരാർ കേന്ദ്ര വെയർഹൗസിങ് കോർപറേഷൻ കീഴിലുള്ള ചുമുട്ടുതൊഴിലാളികൾ അംഗീകരിക്കാൻ തയാറായിട്ടില്ല. ഇതോടെ കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ മേയ് മാസത്തേക്കുള്ള റേഷൻ വിതരണം അനിശ്ചിതാവസ്ഥയിലാണ്.
കേന്ദ്ര വെയർ ഹൗസിങ് കോർപറേഷൻ കേന്ദ്രസർക്കാറിന് കീഴിലായതിനാൽ അവിടെ തൊഴിലാളികളെ നിശ്ചയിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്നും കേന്ദ്ര ലേബർ കമീഷണർ പറഞ്ഞെങ്കിൽ മാത്രമേ പുറമെയുള്ള തൊഴിലാളികളെ സ്ഥാപനത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കൂവെന്നുമാണ് കേന്ദ്ര വെയർ ഹൗസിങ് തൊഴിലാളി യൂനിയനുകളുടെ നിലപാട്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ യൂനിയൻ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും നിലപാടിൽനിന്ന് പിന്മാറാൻ ഇവർ തയാറായിട്ടില്ല. ഉദ്യോഗസ്ഥരുടെ അഭാവം പരിഹരിക്കാൻ അഞ്ഞൂറോളം ജീവനക്കാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കാൻ ഭക്ഷ്യവകുപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്.
റേഷൻ കാർഡുകളുടെ വിതരണവും പ്രതിസന്ധിയിലാണ്. മാർച്ച് 15ന് മുമ്പായി സംസ്ഥാനത്ത് റേഷൻകാർഡുകളുടെ വിതരണം പൂർത്തിയാക്കുമെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചെങ്കിലും ഒരു താലൂക്കിൽപോലും റേഷൻകാർഡ് വിതരണം നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.