ഉദിനൂരിൽ ഫുട്ബാൾ അക്കാദമിക്ക് തുടക്കം
text_fieldsതൃക്കരിപ്പൂർ: കാൽപന്തുകളിയിൽ ഉദിനൂരിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഉദിനൂർ ഫുട്ബാൾ അക്കാദമി ഒരുങ്ങുന്നു. ഫുട്ബാളിനെ സ്നേഹിക്കുന്ന ഉദിനൂരിലെയും പരിസര പ്രദേശങ്ങളിലേയും സഹൃദയ കൂട്ടായ്മയാണ് ഉദിനൂർ ഫുട്ബാൾ അക്കാദമിക്ക് തുടക്കംകുറിച്ചത്.
മാറിയകാലത്തിനനുസരിച്ച് മത്സരാധിഷ്ഠിത സമൂഹത്തിൽ ഉന്നതങ്ങളിലേക്ക് കുതിക്കാൻ ചിട്ടയായ തുടർപരിശീലനമാണ് അക്കാദമി ലക്ഷ്യംവെക്കുന്നത്. ആദ്യഘട്ടത്തിൽ എട്ടു മുതൽ 14 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകാനാണ് തീരുമാനം. തുടർന്ന് മറ്റ് കായികമേഖലകളിലാകെ മികച്ച പരിശീലനം നൽകി കായികതാരങ്ങളെ വളർത്തിയെടുക്കാനുള്ള അക്കാദമികകേന്ദ്രമാക്കുക എന്നതാണ് ഉദിനൂർ ഫുട്ബാൾ അക്കാദമി ലക്ഷ്യം.
ആദ്യഘട്ട പരിശീലനത്തിന്റെ സെലക്ഷൻ ട്രയലും രജിസ്ടേഷൻ ക്യാമ്പും ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തിൽ നടന്നു. ഇരുന്നൂറിലേറെ കുട്ടികളാണ് പങ്കെടുത്തത്. എ.ഐ.എഫ്.എഫ് കോച്ച് ടി. പവിത്രൻ, ദേശീയ ഫുട്ബാൾ താരം സുബിത പൂവട്ട, പരിശീലകരായ എം. പവിത്രൻ, രവി കിഴക്കൂൽ, പ്രണവ് തടിയൻകൊവ്വൽ എന്നിവർ ആദ്യദിന പരിശീലനത്തിന് നേതൃത്വം നൽകി. ഡി ലെവൽ ലൈസൻസുള്ള പ്രഗത്ഭ പരിശീലകരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ആഴ്ചതോറും ദ്വിദിന പരിശീലനമാണ് നൽകുക.
പരിശീലനത്തിനുശേഷം പങ്കെടുത്ത കുട്ടികളുടെയും രക്ഷിതാക്കളുടെയും യോഗംചേർന്നു. യോഗത്തിൽ അക്കാദമി പ്രസിഡന്റ് രമേശൻ കിഴക്കൂൽ അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി സി. സുരേശൻ സ്വാഗതവും ഒ.കെ. രമേശൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.