ഫുട്ബാൾ ആരാധകർ വൈദ്യുതിത്തൂണുകളിൽ കൊടി, തോരണങ്ങൾ കെട്ടരുത്; വൈദ്യുതാഘാതമേല്‍ക്കാന്‍ സാധ്യത, മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: ലോകകപ്പ് ഫുട്ബാൾ മത്സരത്തിന്‍റെ ഭാഗമായി ആരാധകർ വൈദ്യുതിത്തൂണുകളിൽ രാജ്യത്തിന്‍റെ പതാകകളും കൊടി, തോരണങ്ങളും സ്ഥാപിക്കുന്നത് അപകടകരമെന്ന് കെ.എസ്.ഇ.ബി. ലൈനുകള്‍ക്ക് സമീപം കൊടി, തോരണങ്ങളും ബോര്‍ഡുകളും സ്ഥാപിക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റ് ഗുരുതര പൊള്ളലേല്‍ക്കാന്‍ സാധ്യതയുണ്ട്. അത്തരം പ്രവൃത്തികള്‍ ഒഴിവാക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
വാർത്താകുറിപ്പിന്‍റെ പൂർണരൂപം:
നവംബര്‍ 20ന് ഫിഫ ലോക ഫുട്ബാള്‍ മാമാങ്കത്തിന് തുടക്കം കുറിക്കുകയാണ്. ഫുട്ബാള്‍ ലഹരി കേരളത്തിന്റെ സിരകളിലും പടര്‍ന്നു കഴിഞ്ഞു. ഇഷ്ടതാരങ്ങളുടെ വമ്പന്‍ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചും കൊടി, തോരണങ്ങളാക്കിയുമൊക്കെ ആഘോഷിക്കുകയാണ് ആരാധകര്‍. പലയിടങ്ങളിലും ഇവ സ്ഥാപിക്കുന്നത് കെ.എസ്.ഇ.ബിയുടെ വൈദ്യുതിത്തൂണുകളിലും മറ്റ് പ്രതിഷ്ഠാപനങ്ങളിലുമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്യന്തം അപകടകരമായ പ്രവൃത്തിയാണിത്.
ലൈനുകള്‍ക്ക് സമീപം കൊടി, തോരണങ്ങളും ബോര്‍ഡുകളും സ്ഥാപിക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പൊള്ളലേല്‍ക്കാന്‍ സാധ്യതയുണ്ട്. ഒരുപക്ഷെ മരണം പോലും സംഭവിക്കാം. ആഘോഷവേളകള്‍ കണ്ണീരില്‍ കുതിരാതിരിക്കാന്‍ തികഞ്ഞ ജാഗ്രത അനിവാര്യമാണ്. വൈദ്യുതി ലൈനുകള്‍ക്കും മറ്റ് പ്രതിഷ്ഠാപനങ്ങള്‍ക്കും സമീപം ബോര്‍ഡുകളും കൊടി, തോരണങ്ങളും സ്ഥാപിക്കുന്നത് നിയമവിരുദ്ധവും അപകടകരവുമാണെന്നും അത്തരം പ്രവൃത്തികള്‍ ഒഴിവാക്കണമെന്നും കെ.എസ്.ഇ.ബി വാർത്താകുറിപ്പിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.