ക്യൂനെറ്റ് തട്ടിപ്പിനിരയായി ഫുട്ബാൾ താരം; സുഹൃത്ത് വഞ്ചിച്ചെന്ന് ആരോപണം
text_fieldsപാലക്കാട്: ക്യൂനെറ്റ് തട്ടിപ്പിനിരയായി ഗോകുലം എഫ്.സി സ്ട്രൈക്കർ ഉസ്മാൻ ആഷിഖ്. സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി നാല് ലക്ഷം രൂപ നൽകി ക്യുനെറ്റിന്റെ ഭാഗമായെന്ന് ഉസ്മാൻ ആഷിഖ് ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞു. തനിക്ക് സമയമില്ലാത്തതിനാൽ ഭാര്യയാണ് ക്യുനെറ്റിന്റെ ഭാഗമായി പ്രവർത്തിച്ചത്. എന്നാൽ, നാല് മാസം കഴിഞ്ഞിട്ടും വരുമാനമൊന്നും ലഭിച്ചില്ല.
പിന്നീട് കമ്പനിയുടെ നിർദേശപ്രകാരം മറ്റൊരാളെ ബിസിനസിന്റെ ഭാഗമാക്കിയപ്പോൾ അക്കൗണ്ടിൽ 26,000 രൂപ വന്നു. ഇതോടെ ക്യുനെറ്റ് മണിചെയിൻ കമ്പനിയാണെന്ന സംശയമുയർന്നുവെന്നും ഇനി ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നില്ലെന്നും അറിയിക്കുകയും നൽകിയ പണം തിരികെ ചോദിക്കുകയും ചെയ്തു. എന്നാൽ, പണം നൽകാൻ കമ്പനിയിൽ വ്യവസ്ഥയില്ലെന്ന് നിങ്ങൾക്ക് വേണമെങ്കിൽ കേസ് നൽകാമെന്നുമായിരുന്നു കമ്പനിയിൽ ചേർത്ത സുഹൃത്തിന്റെ ഭീഷണി.
തനിക്ക് സംഭവിച്ചത് ആർക്കും സംഭവിക്കരുതെന്ന് എന്നുള്ളതിനാലാണ് ഇത് പുറത്ത് പറയുന്നത്. ആരും ഇത്തരമൊരു തട്ടിപ്പിൽ ചെന്ന് ചാടരുതെന്ന് പറഞ്ഞാണ് ഉസ്മാൻ ആഷിഖ് വിഡിയോ അവസാനിപ്പിക്കുന്നത്.
ക്യൂനെറ്റ് എന്ന പേരിലുള്ള കമ്പനി കോടികളുടെ തട്ടിപ്പാണ് കേരളത്തിൽ നടത്തിയത്. ക്യൂനെറ്റിെൻറ പേരിൽ നിക്ഷേപതട്ടിപ്പ് നടത്തിയവർ ആളുകളെ വ്യത്യസ്ത തന്ത്രങ്ങൾ ഉപയോഗിച്ചാണ് വലയിൽപെടുത്തിയിരുന്നത്. മറ്റ് മണിചെയിൻ കമ്പനികളിൽ നിന്ന് വ്യത്യസ്തമായി പണം നൽകുന്നതോടൊപ്പം ഇൻറർവ്യൂ കൂടി നടത്തിയാണ് നിക്ഷേപകരെ ആകർഷിച്ചത്. മൾട്ടി ലെവൽ മാർക്കറ്റിങ്ങിലെ തട്ടിപ്പുകളെക്കുറിച്ച് ജനങ്ങൾക്ക് അവബോധമുള്ളതിനാൽ ആധികാരികതയുണ്ടാക്കലായിരുന്നു ലക്ഷ്യം. ഇൻറർവ്യൂ കൂടി 'പാസാകണമെന്ന്' ഏജൻറുമാർ അറിയിച്ചപ്പോൾ പലർക്കും വിശ്വാസ്യത വന്നതായാണ് പറയുന്നത്. ഇതിനാൽ ഉറ്റബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം നിക്ഷേപം സ്വീകരിച്ചു.
പ്രധാനമായി രണ്ട് വാഗ്ദാനങ്ങളാണ് ഏജൻറുമാർ നൽകുന്നത്. ഒരു ദിവസം രണ്ടോ, മൂന്നോ മണിക്കൂർ ജോലി ചെയ്താൽ രണ്ട് വർഷത്തിനകം ലക്ഷങ്ങളുടെ വരുമാനം നേടാം. രണ്ട് വർഷം ഇത്തരത്തിൽ പ്രവർത്തിച്ചിട്ടും മികച്ച വരുമാനം ലഭിച്ചില്ലെങ്കിൽ മുഴുവൻ തുകയോ അതിൽ കൂടുതലോ തിരിച്ചുതരും. എന്നാൽ, വാഗ്ദാനത്തിൽ വീണവർക്ക് പിന്നീടാണ് ഇത് മറ്റൊരു മൾട്ടി ലെവൽ മാർക്കറ്റിങ്ങാണെന്ന് മനസിലായതും വഞ്ചിതരായതറിഞ്ഞതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.