മൗനത്താൽ വാചാലരായി ഈ കുടുംബം, മഹാനഗരത്തിന്റെ പ്രിയപ്പെട്ടവർ
text_fieldsകൊച്ചി: അവരുടെ മൗനം വാചാലമായിരുന്നു, അവരുടെ കണ്ണുകളും കൈകളും മുഖഭാവങ്ങളും ചുറ്റുമുള്ളവരോട് വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ‘ബഹളം’ വെച്ചുകൊണ്ടേയിരുന്നു. കൊച്ചി മഹാനഗരത്തിന്റെ ഹൃദയഭാഗമായ മേനക ജങ്ഷനിലെ തിരക്കേറിയ നടപ്പാതയിലൂടെ കടന്നുപോകുന്നവരെല്ലാം അവരോടും മൗനത്തിന്റെ മധുരം കലർന്ന ഭാഷയിൽ സംസാരിച്ചു. ഒന്നും രണ്ടും പേരായിരുന്നില്ല, നാലു മക്കളും മാതാപിതാക്കളുമടങ്ങുന്ന ആ കുടുംബത്തിലൊരാൾപോലും മിണ്ടുന്നവരല്ല. എന്നാൽ, തങ്ങൾക്ക് ചുറ്റുമുള്ള തിരക്കേറിയ ലോകത്ത് അവരെന്നും സന്തോഷവാന്മാരായിരുന്നു. മേനകയിലെ ഹോട്ടലുകൾക്ക് മുന്നിൽ അന്തിയുറങ്ങുന്ന തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി ഖാജ, ഭാര്യ സാറ, മക്കളായ 13കാരി അമീന, എട്ടു വയസ്സുകാരി സൽമ, ഏഴു വയസ്സുള്ള അമീർ, മൂന്നു വയസ്സുകാരൻ അനസ് എന്നിവരാണ് ഈ കുടുംബം. സ്വന്തമായി രേഖകളൊന്നുമില്ലാത്ത ഇവർ ഈ തെരുവിൽ തന്നെയാണ് ജീവിതം കഴിച്ചുകൂട്ടുന്നത്. കഠിനാധ്വാനിയായ ഖാജ കൽപണിക്കും മറ്റും പോകും. 2012ലാണ് ഖാജയും ഭാര്യയും കൊച്ചിയിലെത്തുന്നത്. അന്ന് കൈക്കുഞ്ഞായ അമീന മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഇളയമക്കളും പിറന്നു. വർഷങ്ങളായി ഇവിടെ തന്നെയായതിനാൽ മേനകയിലെ കച്ചവടക്കാരും നിത്യേന ഭക്ഷണം കഴിക്കാനെത്തുന്നവരുമായെല്ലാം ഈ കുടുംബത്തോട് നല്ല കൂട്ടാണ്. പലരും സന്തോഷത്തോടെ ഭക്ഷണവും മിഠായിയുമെല്ലാം വാങ്ങിക്കൊടുക്കും, ഇളയ മകൻ അനസ് എല്ലാവരുടെയും ‘കട്ടച്ചങ്കാ’ണ്.
മേനകയിലെ ഹകോബ ഹോട്ടലിലെ മാനേജരായ കാഞ്ഞങ്ങാട് സ്വദേശി ശ്രീനാഥ് പാണത്തൂരും സുഹൃത്തുക്കളുമാണ് ഈ കുടുംബത്തിന്റെ ഏറ്റവും വലിയ സഹായികൾ. ഇവരുടെ സൗഹൃദക്കൂട്ടം സാമ്പത്തികമായും മറ്റും പലതരത്തിലും ഈ ബധിര, മൂക കുടുംബത്തെ ചേർത്തുപിടിക്കുന്നുണ്ട്. എന്തെങ്കിലും ആവശ്യത്തിന് അധികൃതരുമായി സംസാരിക്കുന്നതും ശ്രീനാഥാണ്.
എട്ടു വയസ്സുകാരി സൽമ മാത്രമാണ് അവ്യക്തമായെങ്കിലും ചില വാക്കുകൾ സംസാരിക്കുന്നത്. ഈ വർഷം കാലടി മാണിക്യമംഗലം സെൻറ് ക്ലെയർ സ്കൂൾ ഫോർ ദ ഡെഫിൽ മുതിർന്ന മൂന്നു മക്കളെയും ചേർത്തിരുന്നു. ഇവിടെനിന്നുള്ള പരിശീലനമാണ് സൽമയിൽ മാറ്റം കൊണ്ടുവന്നത്. നിലവിൽ സ്കൂൾ അവധിയായതിനാൽ മക്കളെ തിരിച്ച് മാതാപിതാക്കൾക്കൊപ്പം വിടുകയായിരുന്നു. വർഷങ്ങൾക്കുമുമ്പ് മേട്ടുപ്പാളയത്തെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഇവരുടെ ആധാർ, തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകളെല്ലാം നഷ്ടമായി. ഇതുമൂലം നിലവിൽ പല ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. ഒരു വാടക വീടെടുത്ത് താമസിക്കാൻപോലും നിവൃത്തിയില്ലാത്ത സ്ഥിതിയാണെന്നും ശ്രീനാഥ് ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.