കോഴിക്കോട് ചെരിപ്പു കമ്പനിയിൽ വൻ തീപ്പിടിത്തം; രണ്ടു കോടിയുടെ നഷ്ടമെന്ന് പ്രാഥമിക റിപ്പോർട്ട്
text_fieldsഫറോക്ക്: കോഴിക്കോട് കൊളത്തറയിലെ ചെരുപ്പ് നിർമാണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം. കോടികളുടെ നഷ്ടമുണ്ടായതായാണ് വിവരം. 60ൽ പരം ഇതര സംസ്ഥാന തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചെറുവണ്ണൂർ മോഡേൺ കൊളത്തറയിലെ റേഡിയൻ്റ് ബോൾസ് ആൻറ് കോമ്പോൺസ് എന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തം. ഇരുനില കെട്ടിടം 90 ശതമാനവും കത്തിനശിച്ചു.
മാർക്ക് എന്ന ബ്രാൻഡിൽ അറിയപ്പെടുന്ന ചെരുപ്പ് നിർമാണ കമ്പനിയിലാണ് തീപ്പിടുത്തമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് തീ ആളിപ്പടർന്നത്. കെട്ടിടത്തിൻ്റെ മുകൾ നിലയിൽ താമസിച്ചിരുന്ന, ഇവിടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ താഴെക്ക് കിട്ടിയ വഴിയിലൂടെ രക്ഷപ്പെട്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്.
ചെരുപ്പ് നിർമിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത പദാർഥങ്ങളിലേക്ക് തീ പടർന്ന് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി നാട്ടുകാർ പറഞ്ഞു. 25 ൽ പരം ഫയർ യൂണിറ്റ് നാലു മണിക്കൂറോളം കഠിന പ്രയത്നം നടത്തി പുലർച്ചെ നാലരയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മീഞ്ചന്ത, ബീച്ച്, വടകര, മലപ്പുറം, എയർ പോർട്ട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തി യ ഫയർ യൂണിറ്റുകളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. രണ്ടു കോടിയിലധികം രൂപയുടെ നഷ്ടമാണെന്നാണ് പ്രാഥമിക നിഗമനം. യുവ സംരഭകരായ ആറു പേരാണ് സ്ഥാപനത്തിന്‍റെ ഡയറക്ടർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.