തട്ടിപ്പ് തടയാൻ സഹകരണ ബാങ്കുകൾക്ക് മേൽനോട്ട അതോറിറ്റി അനിവാര്യം
text_fieldsകൊച്ചി: വ്യവസ്ഥാപിത മേൽനോട്ട അതോറിറ്റിക്ക് കീഴിൽ കൊണ്ടുവന്നാൽ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് വലിയൊരു പരിധിവരെ തടയാനാകുമെന്ന് റിസർവ് ബാങ്ക് സൂപ്പർവിഷൻ വിഭാഗം ചീഫ് ജനറൽ മാനേജർ ടി.കെ. രാജൻ. അർബൻ ബാങ്കുകളടക്കം മറ്റെല്ലാ ബാങ്കുകളും റിസർവ് ബാങ്കിന് കീഴിലാണ്. അത്തരമൊരു സംവിധാനമില്ലാത്തത് സഹകരണ ബാങ്കുകളിൽ തട്ടിപ്പിന് കളമൊരുക്കുന്നുണ്ട്. സഹകരണ മേഖലയിലുള്ളവ ബാങ്ക് എന്ന പേര് പോലും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
കൊച്ചിയിൽ രാജ്യാന്തര സൈബർ സുരക്ഷ സമ്മേളനമായ കൊക്കൂണിൽ പങ്കെടുക്കാനെത്തിയ ടി.കെ. രാജൻ ‘മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. മറ്റെല്ലാ ബാങ്കുകളെയും പോലെയാണ് സഹകരണ ബാങ്കുകളെയും ഇടപാടുകാർ കാണുന്നത്. മറ്റ് ബാങ്കുകൾക്ക് മേൽ റിസർവ് ബാങ്ക് എന്നതുപോലെ സഹകരണ ബാങ്കുകളെ നിയന്ത്രിക്കാൻ സംവിധാനമില്ല. അവയുടെ ഘടനയും ഭരണസംവിധാനവുമെല്ലാം ഇതിന് തടസ്സമാണ്.
രാജ്യത്ത് പ്രതിദിനം ശരാശരി 30 കോടിയും പ്രതിമാസം ആയിരം കോടിയും യു.പി.ഐ ഇടപാടുകൾ നടക്കുന്നുണ്ട്. പ്രതിദിന ഇടപാട് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ നൂറ് കോടിയായി ഉയരും. ഇതിനനുസരിച്ച് ഈ രംഗത്തെ തട്ടിപ്പുകളും കൂടുകയാണ്. ഓൺലൈൻ പണമിടപാടുകൾ സുരക്ഷിതമാക്കാൻ ആർ.ബി.ഐ ചില സംവിധാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഫോണിൽ വിളിച്ച് ഒ.ടി.പി ആവശ്യപ്പെട്ട് തട്ടിപ്പ് വ്യാപകമാണ്. ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കെയും വിദൂര സംവിധാനത്തിലൂടെയും ഒ.ടി.പി എടുക്കാൻ കഴിയാത്ത സംവിധാനമാണ് പുതുതായി നടപ്പാക്കുന്നത്.
ഇതിന്റെ പരീക്ഷണ ഘട്ടം പൂർത്തിയായി. രാത്രിയിലെ ഓൺലൈൻ പണമിടപാടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. തട്ടിപ്പുകളെക്കുറിച്ച് ഇടപാടുകാരെ ബോധവത്കരിക്കാനുള്ള നിരന്ത്രര ശ്രമങ്ങൾ ഒരു പരിധി വരെ മാത്രമേ ഫലം കാണുന്നുള്ളൂ. പൊതുസ്ഥലങ്ങളിലെ വൈഫൈ സംവിധാനം ഉപയോഗിക്കുന്നതിലടക്കം ജാഗ്രത പുലർത്തിയില്ലെങ്കിൽ പണം നഷ്ടമാകാനിടയാകും. സൈബർ കുറ്റകൃത്യങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്ക് ഉയർത്തുന്ന ഭീഷണി ചെറുതല്ലെന്നും ടി.കെ. രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.