300 ചതുരശ്രമീറ്റർ വരെയുള്ള വീടുകൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് അനുമതി നേടാം
text_fieldsതിരുവനന്തപുരം: തീര നിയന്ത്രണ മേഖലയിൽ (സി.ആർ.ഇസഡ്) കൂടുതൽ ഇളവ് നേടാനായത് സംസ്ഥാനത്തെ 10 ലക്ഷം തീരദേശവാസികൾക്ക് ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാര്‍ ഇതിന്റെ ഭൂപടം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ 300 ചതുരശ്രമീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് നേരിട്ട് നിർമാണാനുമതി നേടാനാകുമെന്നും പി. നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.
കടല്‍, കായല്‍ തീരങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണപരിധിയില്‍ ഇളവിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച കരട് തീരദേശ പരിപാലന പ്ലാനിന് കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പ് ഉടന്‍ ലഭിക്കും.
കരട് തീരദേശ പരിപാലന പ്ലാന്‍ മന്ത്രിസഭയുടെ അംഗീകാരത്തോടെ സമർപ്പിച്ചതിനെ തുടർന്ന് പഞ്ചായത്തുകളുടെ സോണ്‍ മാറ്റം ഉള്‍പ്പെടെ മിക്ക ആവശ്യങ്ങളും അംഗീകരിപ്പിക്കാന്‍ കഴിഞ്ഞു. നഗരസ്വഭാവമുണ്ടെന്ന് കണ്ടെത്തിയ 66 തീരദേശ പഞ്ചായത്തുകളെ 2019ലെ തീരദേശപരിപാലന വിജ്ഞാപന പ്രകാരം കടുത്ത നിയന്ത്രണമുണ്ടായിരുന്ന സോണ്‍-മൂന്നില്‍നിന്നു സോണ്‍ രണ്ടിലേക്ക് മാറ്റി. പൊക്കാളി, കൈപ്പാട് കൃഷിപ്പാടങ്ങളില്‍ 1991ന് മുമ്പുള്ള ബണ്ട് വേലിയേറ്റ രേഖയായി കണക്കാക്കി തീരദേശ നിയമ നിയന്ത്രണങ്ങള്‍ വേലിയേറ്റ രേഖ വരെയാക്കി ചുരുക്കിയത് കൃഷിക്കാര്‍ക്ക് നേട്ടമാകും. സ്വകാര്യ ഭൂമിയിലെ കണ്ടല്‍ക്കാടുകള്‍ക്ക് കരുതൽ മേഖല പൂര്‍ണമായും ഒഴിവാക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുണ്ടായിരുന്ന 66 പഞ്ചായത്തുകളില്‍ ഇളവ് നേടിയെടുക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്.
നഗരസ്വഭാവമുള്ള 109 പഞ്ചായത്തുകള്‍ക്ക് കൂടി ഈ ആനുകൂല്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.